Top Stories
ഇമ്പിച്ചിബാവ ഭവന പദ്ധതിക്ക്‌ ലൈഫില്‍ നിന്ന്‌ ഒരു ലക്ഷം നല്‍കും. -മന്ത്രി. കെ.ടി ജലീല്‍
June 30, 2017

30-Jun-2017
മലപ്പുറം : ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന പദ്ധതിക്ക്‌ ഒരു ലക്ഷം രൂപ ലൈഫില്‍ നിന്ന്‌ നല്‍കുമെന്ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ട ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലിവില്‍ രണ്ടര ലക്ഷം രൂപയാണ്‌ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്‌. 500 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്ത വീടാണ്‌ നിര്‍മ്മിക്കേണ്ടത്‌. പദ്ധതിക്ക്‌ സന്നദ്ധ സംഘടനകളുടെ സഹായവും സ്വന്തം വിഹിതവും ഉപയോഗിക്കണം. ഇതിന്‌ പുറമെയാണ്‌ ലൈഫില്‍ നിന്നും ഒരു ലക്ഷം നല്‍കുന്നത്‌. സംസ്ഥാന ഗവര്‍മെന്റ്‌ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വീടില്ലാത്തവര്‍ക്ക്‌ വീട്‌ വെച്ച്‌ നല്‍കുന്നതിന്‌ നടപ്പാക്കുന്ന പദ്ധതിയാണ്‌ ലൈഫ്‌. ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിക്കായി ഈ വര്‍ഷം 31 കോടി രൂപ അനുവദിച്ചു. അടുത്ത വര്‍ഷം 50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്‌. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പുതിയ ഒരു പദ്ധതികൂടി ഗവണ്‍മെന്റ്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌. വീട്‌ അറ്റകുറ്റപണികള്‍ക്കായി 10000 മൂതല്‍ 50000 രൂപവരെ നല്‍കുന്നതാണ്‌ പദ്ധതി. അഞ്ച്‌ കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്‌.

ലൈഫില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 125 വീടുകളുടെ ഫ്‌ളാറ്റ്‌ സമുച്ചയം എടപ്പാളില്‍ ഉയരും. നാല്‌ നിലയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കായിരിക്കും . സമ്പൂര്‍ണ്ണ ഉടമസ്ഥാവകാശം വീട്ടുടമകള്‍ക്ക്‌ നല്‍കില്ല. സാമ്പത്തികമായി പുരോഗതിയില്‍ എത്തുന്ന സമയത്ത്‌ വീടുകള്‍ കൈമാറി പോകുന്നതിനുള്ള സംവിധാനം ഉണ്ടാകും.
ചടങ്ങില്‍ ആദ്യഗഡു മന്ത്രി വിതരണം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ സി.എച്ച്‌ ജമീല അധ്യക്ഷതവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ്‌ ഒ. സഹദേവന്‍, കൗണ്‍സിലര്‍ സി.പി സലീന, എ.ഡി.എം ടി. വിജയന്‍, ഡെപ്യൂട്ടി കലക്‌ടര്‍ വി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: