Top Stories
എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
July 25, 2017

25-Jul-2017
മലപ്പുറം: മലപ്പുറം ജില്ലയിലേക്ക് ആവശ്യമായ പ്ലസ്‌വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. 30 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും തിരൂരങ്ങാടി സി ഐ ഉള്‍പ്പെടെ ഒമ്പതു പോലീസുകാര്‍ക്കും പരുക്ക്. 11പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റവരെ മലപ്പുറത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെയാണു സംഭവം.
മാര്‍ച്ച് തുടങ്ങുന്നതിനു മുമ്പുതന്നെ കലക്‌ട്രേറ്റിനു മുന്നില്‍ പോലീസ് ബാരിക്കേടുകള്‍ തീര്‍ത്തിരുന്നു. പ്രവര്‍ത്തകര്‍ ഏറെ സമയം ബാരക്കേടുകള്‍ക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ആദ്യം പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് ലാത്തിവീശുകയുമായിരുന്നു. റോഡില്‍വീണുകിടക്കുന്ന പ്രവര്‍ത്തകരെയടക്കം പോലീസ് വളഞ്ഞിട്ടു തല്ലി.
എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ടി പി ഹാരിസ്, സെക്രട്ടറി റിയാസ് പുല്‍പറ്റ, കബീര്‍ മുതുപറമ്പ്, ടി നിയാസ്, പി കെ നവാസ്, നിഷാദ് കെ സലീം, ഷരീഫ് വടക്കയില്‍, കെ എം ഇസ്മാഈല്‍, എന്‍. സി ഷരീഫ്, ഇ വി ഷാനവാസ്, ഉള്‍പ്പെടെ മുപ്പതോളം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. വിദ്യാര്‍ഥികള്‍ക്ക് അനുപാതികമായി ജില്ലയില്‍ പ്ലസ് വണ്‍സീറ്റ് വര്‍ധിപ്പക്കണമെന്നാവശ്യപ്പെട്ടാണു എംഎസ്എഫ് കലക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. അതേ സമയം എംഎസ്എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എംഎല്‍എമാര്‍ മലപ്പുറം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
കലക്‌ട്രേറ്റിലേക്കു ഇന്നലെ രാവിലെ നടത്തിയ മാര്‍ച്ചിനിടയില്‍ പോലീസ് കിരാതമായാണ് പെരുമാറിയതെന്നും കസ്റ്റഡിയിലെടുത്ത എംഎസ്എഫ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം മലപ്പുറം ജില്ലക്ക് ആവശ്യമായ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും എം എല്‍ എമാര്‍ മുന്നറിയിപ്പ് നല്‍കി. വൈകിട്ടു 5.30 ഓടെയാണു എം എല്‍ എമാരും എംഎസ്എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മലപ്പുറം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. എംഎല്‍എമാരായ പി ഉബൈദുള്ള, പി അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എം. ഉമ്മര്‍, ടി വി ഇബ്രാഹീം എന്നീ എംഎല്‍എമാരോടൊപ്പം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു എ ലത്തീഫും സമര രംഗത്തുണ്ടായിരുന്നു. ശേഷം എംഎസ്എഫ്, യൂത്ത്‌ലീഗ്, മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലപ്പുറം ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.
കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ഇന്നലെ വൈകിട്ടു മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മലപ്പുറം, മഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി സി ഐമാര്‍ സ്ഥലത്തുണ്ടായിരുന്നു.

Share this post: