02-Dec-2016
മലപ്പുറം : ജില്ലാ കലക്ടറുടെ വസതിക്കു സമീപത്ത് നിന്ന് സ്കൂള്‍- കോളെജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സന്ദേശ റാലിയോടെയാണ് ജില്ലാതല എയ്ഡ്സ് ദിനാചരണ പരിപാടികള്‍ തുടങ്ങിയത്. ജില്ലാ കലക്ടര്‍ അമിത് മീണ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തും ജില്ലയിലും എച്ച്.ഐ.വി. ബാധിതരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു വരുന്നത് ആരോഗ്യ വകുപ്പിന്റെ എയ്ഡ്സ് ബോധവത്ക്കരണ പരിപാടികള്‍ വിജയം കാണുന്നുവെന്നതിന്റെ തെളിവാണെന്ന് എം.എല്‍.എ. പറഞ്ഞു. എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ ജില്ല 12-ാം സ്ഥാനത്താണെന്നത് മികച്ച നേട്ടമാണ്. ജനസംഖ്യ കുറഞ്ഞ ജില്ലകളായ ഇടുക്കിയും വയനാടുമാണ് 13 ഉം 14 ഉം സ്ഥാനങ്ങളിലുള്ളത്. കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയെന്ന പരിഗണനയില്‍ മലപ്പുറം ഏറ്റവും കുറവ് എയ്ഡ്സ് ബാധിതരുള്ള ജില്ലയാണെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.ഐ.വി. ബാധിതര്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടല്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും എയ്ഡ്സ് ബാധയെ കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റണമെന്നും എം.എല്‍.എ. പറഞ്ഞു. സന്ദേശ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലപ്പുറം മാസ് കോളെജ്, സെന്റ് ജെമ്മാസ് സ്കൂള്‍, എം.എസ്.പി. സ്കൂള്‍ എന്നിവക്ക് മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സ്പോണ്സര് ചെയ്ത ട്രോഫികള്‍ എം.എല്‍.എ. വിതരണം ചെയ്തു.