Exclusive News
ഓഖി; പൊന്നാനിയിലും കടല്‍ പ്രക്ഷുബ്ധം

01/11/2017
പൊന്നാനി; ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തിനകത്തും പുറത്തും രൂക്ഷമായി  നഷ്ടങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മലപ്പുറത്തെ പൊന്നാനിയടക്കമുള്ള തീരദേശ മേഖലകളിലും കടല്‍ പ്രക്ഷുബ്ധമായി തുടരുന്നു. കടല്‍ രക്ഷാപ്രവത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ തുറന്നു. കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴ പെയ്യുന്നതിനാല്‍ ജില്ലയിലും ജില്ലാ ദുരന്ത നിവാരണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 48 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ മഴക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലയിലുമുള്ള കണ്‍ട്രാള്‍ റൂമുകള്‍ സജീവമാക്കി. തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ ഹെഡ് ക്വാര്‍ട്ടേസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.’ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായ പട്രോള്‍ ബോട്ടിന്റെയും ജീവനക്കാരുടെയും സേവനം ലഭിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പര്‍ 04942666428, 9496007031

അതേസമയം അതിശക്തമായ ചുഴലിക്കാറ്റില്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ആറ് ജില്ലകളില്‍ കനത്തനാശനഷ്ടമുണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തെക്കന്‍ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കും. ലക്ഷദീപിലേയ്ക്ക് നീങ്ങുന്ന ചുഴലിക്കാറ്റില്‍ അതീവജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കി.

ഇന്നലെ രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് 24 മണിക്കൂറിനുള്ളില്‍ കനത്ത ചുഴലിക്കാറ്റിലേയ്ക്ക് മാറിയത്.

സ്ഥിതിഗതികള്‍ വീക്ഷിക്കുന്ന കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഉച്ചയ്ക്ക് 12.30നും ഒരു മണിയ്ക്കും രണ്ട് അതീവജാഗ്രത സാന്ദേശങ്ങള്‍ ദില്ലിയില്‍ നിന്നും പുറപ്പെടുവിച്ചു.

ദക്ഷിണേന്ത്യയില്‍ കനത്ത നാശനഷ്ട്ടം വരുത്തുന്ന ചുഴലിക്കാറ്റാണ് രൂപപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ഇടുക്കി, കോട്ടയം,ആലപ്പുഴ എന്നീ അഞ്ച് ജില്ലകളില്‍ ചുഴലിക്കാറ്റ് നാശനശഷ്ട്ടമുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് വ്യക്തമാകുന്നത്.

തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുകുടി,തിരുനല്‍വേലി ജില്ലകളിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കും.മണിക്കൂറില്‍ 85 കിലോമീറ്റര്‍ സ്പീഡില്‍ വീഴുന്ന കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴും, മഴയും കൃഷിതോട്ടങ്ങള്‍ നശിപ്പിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

ദക്ഷിണേന്ത്യയുടെ മുഴുവന്‍ പ്രദേശങ്ങളേയും ബാധിക്കുന്ന ചുഴലിക്കാറ്റ് ലക്ഷദീപിലേയക്ക് നീങ്ങുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കാണാം. 65 മുതല്‍ 75 കിലോമീറ്റര്‍ സ്പീഡില്‍ ലക്ഷദീപിലേയ്ക്ക് നീങ്ങുകയാണ് കാറ്റ്.

ചുവന്ന പൊട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് ചുഴലിക്കാറ്റ്.ലക്ഷദീപില്‍ അതീവ ജാഗ്ര പുലര്‍ത്താന്‍ സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി.അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂര്‍ ദക്ഷിണ കേരളം ജാഗ്രത പുലര്‍ത്തണം.

Share this post: