Top Stories
കാവനൂര്‍ വില്ലേജ്‌ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ജില്ലാ കലക്‌ടര്‍ക്ക്‌ നേരില്‍ കാണാം
July 25, 2017

25-Jul-2017

മലപ്പുറം : കാവനൂര്‍ വില്ലേജിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ജില്ലാകല്‌കര്‍ക്ക്‌ തന്റെ ചേംബറില്‍ നിരീക്ഷിക്കാം. വില്ലേജ്‌ ഓഫിസില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ യില്‍ പതിയുന്ന വീഡിയോ ചിത്രങ്ങളാണ്‌ ക്ലൗഡ്‌ ടെക്‌നോളജി ഉപയോഗിച്ച്‌ ജില്ലാ കലക്‌ടറുടെ കമ്പ്യൂട്ടറില്‍ എത്തുന്നത്‌. ഇത്‌ വഴി ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ ആവിശ്യമെങ്കില്‍ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ക്ക്‌ കഴിയും. ആകെ ആറ്‌ ക്യാമറകളാണ്‌ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്‌.കാവനൂര്‍ വില്ലേജിനെ രാജ്യത്തെ ആദ്യത്തെ ഹൈടെക്ക്‌ വില്ലേജ്‌ ഓഫിസാക്കി മാറ്റുന്നതിന്റെ ഭാഗമായാണ്‌ നടപടി. ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ തഹസില്‍ദാര്‍ക്കും ആര്‍.ഡി.ഒ ക്കും കാണുന്നതിനും സൗകര്യപ്പെടുത്തിയിട്ടുണ്ട്‌. ക്യാമറകള്‍ വഴി വില്ലേജ്‌ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കും കാണാന്‍ കഴിയുന്ന സംവിധാനം ഒരുക്കുന്നതിന്‌ തയ്യാറെടുക്കുകയാണ്‌ ഈ വില്ലേജ്‌ ഓഫിസ്‌. ഇതിനു പുറമെ ഈ വില്ലേജില്‍ പഞ്ചിംഗ്‌ മെഷിനും സ്ഥാപിച്ചു കഴിഞ്ഞു. ഇതു വഴി ഓഫിസിലെ ഹാജര്‍ തഹസില്‍ദാര്‍ക്ക്‌ രാവിലെ തന്നെ മോണിറ്റര്‍ ചെയ്യാന്‍ കഴിയും. കേന്ദ്രീക്യത എയര്‍ കണ്ടിഷനാണ്‌ ഈ ഓഫിസന്റെ മറ്റൊരു പ്രത്യേകത. ഓണ്‍ ലൈന്‍ നികുതി പിരിവും നടപ്പാക്കികഴിഞ്ഞു. രാജ്യത്തെ ആദ്യത്തെ ഹൈടെക്ക്‌ വില്ലേജ്‌ ഓഫിസിനുള്ള ഐ.എസ്‌.ഒ സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്‌ ഈ വില്ലേജ്‌ ഓഫിസ്‌. ജനകീയ പ്രശ്‌നങ്ങള്‍ കൂട്ടായ്‌മയിലൂടെ പരിഹരിക്കുന്ന ന്യായ പഞ്ചായത്താണ്‌ വില്ലേജിന്റെ മറ്റൊരു നേട്ടം. വര്‍ഷങ്ങളായി വിജയകരമായി നടത്തുന്ന ന്യായ പഞ്ചായത്ത്‌ മാസത്തിലൊരിക്കല്‍ മൂന്നാമത്തെ ശനിയാഴ്‌ചയാണ്‌ നടക്കുന്നുത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനും വില്ലേജ്‌ ഓഫിസര്‍ കണ്‍വീനറുമായ സമിതിയില്‍ രാഷ്‌ട്രീയ പ്രതിനിധികളും അംഗങ്ങളാണ്‌. 100ലധികം കേസുകള്‍ ഈ സമിതിയിലൂടെ പരിഹാരമായിട്ടുണ്ട്‌.
ഹൈടെക്ക്‌ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ജൂലൈ 25 രാവിലെ 10 ന്‌ വില്ലേജ്‌ ഓഫിസില്‍ പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അധ്യക്ഷത വഹിക്കും .ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ കിട്ടി കഴിഞ്ഞാല്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമായ ഉദ്‌ഘാടന ചടങ്ങുകള്‍ നടത്താന്‍ തയ്യാറടെക്കുകയാണ്‌ ഈ വില്ലേജ്‌ ഓഫിസ്‌.

Share this post: