Top Stories
കാവാലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
June 27, 2016

kavalam27-June-2016
നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നല്‍കിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാന്‍ അദ്‌ദേഹത്തിന് കഴിഞ്ഞു. കവിതയെ കുട്ടനാടന്‍ നാടോടി ശീലിന്റെ ബലത്തില്‍ പുതിയ ഒരു ഉണര്‍വിലേക്ക് നയിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഭാവനാ പൂര്‍ണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ പഴമയുടെയും പുതുമയുടെയും ഇടയില്‍ ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും അദ്ദേഹത്തിനായി .നാടക രംഗത്ത് സവിശേഷമായ ഒരു അരങ്ങ് ഒരുക്കുന്നതിലും പുതിയ തലമുറയിലെ ശ്രദ്ധേയരായ പ്രതിഭകളെ അതിലൂടെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തുന്നതിലും കാവാലം കാട്ടിയ ശ്രദ്ധ മാതൃകാപരമാണ്. കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ വിയോഗം . അദ്‌ദേഹത്തിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Share this post: