Top Stories
കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ വന്‍ ശേഖരം പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി
July 03, 2017

03-Jul-2017
പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ വന്‍ ശേഖരം പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്്‌റക്ക് ആഢംബര കാറില്‍ നിരോധിച്ച കറന്‍സികളുമായി പെരിന്തല്‍മണ്ണയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി 11 മണിയോടെ പെരിന്തല്‍മണ്ണ പാതായ്ക്കര ഫയര്‍ സ്റ്റേഷന്‍ റോഡില്‍വച്ച് ഒരു കോടി രൂപയുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശി കണ്ണന്‍തൊടി കുഞ്ഞുമൊയ്തീന്‍(44), തേക്കിന്‍കോട് സ്വദേശി പത്തത്ത് മുഹമ്മദ് റംഷാദ് എന്ന റംഷാദ് (28), പട്ടിക്കാട് സ്വദേശി തെക്കുംപുറത്ത് നിസ്സാം (27) എന്നിവരാണ് അറസ്റ്റിലായത്. നിരോധിച്ച നോട്ടുകള്‍ തിരിച്ചു നല്‍കാനുള്ള കാലാവധി ജൂണ്‍ 30ന് അവസാനിച്ച ശേഷമാണ് ഇത്രയും വലിയ നിരോധിത നോട്ട് ശേഖരം പിടികൂടിയത്. ഒരുമാസത്തിനുള്ളില്‍ ഇതു രണ്ടാംതവണയാണ് നിരോധിത കറന്‍സി പിടികൂടുന്നത്.

മൂന്നുകോടി 20 ലക്ഷം രൂപയുടെ നിരോധിത കറന്‍സികളുമായി അഞ്ചുപേരെ ഇതിനുമുമ്പ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരിക്കു സമീപം വീട്ടിക്കാട് സ്വദേശിയുടേതാണ് പണമെന്നു പ്രതികള്‍ സമ്മതിച്ചു.

പാലക്കാട്, പാണ്ടിക്കാട്, വേങ്ങര, കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ സൂചന പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ജില്ലയിലെ കുഴല്‍പ്പണ ഇടപാടുകാരുമായി ഇത്തരം സംഘത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇത്തരക്കാര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍മാരായ പെരിന്തല്‍മണ്ണ ഡിെൈവഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ സാജു കെ എബ്രഹാം എന്നിവര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ എസ്‌ഐ കെ സി സുരേന്ദ്രന്‍, ടൗണ്‍ ഷാഡോ പോലിസിലെ ഉദ്യോഗസ്ഥരായ സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ദിനേശ്, വിനോജ്, അനീഷ്, അജീഷ്, വിപിന്‍, പ്രദീപ്, ജയന്‍, സുമേഷ്, നെവില്‍ പാസ്‌ക്കല്‍ എന്നിവരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Share this post: