Exclusive News
കേന്ദ്ര, കേരള ഭരണം കുത്തഴിഞ്ഞ നിലയില്‍ : കെ സി വേണുഗോപാല്‍

മഞ്ചേരി : കേന്ദ്ര, കേരള ഭരണം കുത്തഴിഞ്ഞ നിലയിലാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറത്തു നിന്നും മഞ്ചേരിയിലേക്ക് നടത്തിയ ഗാന്ധി സന്ദേശയാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാന്‍ അധികാരം ഉപയോഗിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്. ജനാധിപത്യം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന സമീപനം അവസാനിപ്പിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. കേന്ദ്രം ഭരിച്ചതു കൊണ്ടുമാത്രം കാര്യമില്ല. ശരിയായ രീതിയില്‍ ഭരണം നടത്തുകയാണ് വേണ്ടത്. ഭരണത്തിന്റെ പരാജയമാണ് സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നത്.
രാജ്യം ഭരിക്കാന്‍ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് അനിവാര്യമാണെന്നാണ് വരുംകാല സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെല്ലാം തിരുത്തേണ്ടി വരുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. മഞ്ചേരിയിലെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനും ഏതിലും അഴിമതി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാവിലെ മലപ്പുറം കലക്ട്രേറ്റ് പരിസരത്തുവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഡി സി സി പ്രസിഡന്റ് വി വി പ്രകാശിന് പതാക നല്‍കിയാണ് സന്ദേശയാത്ര ഉദ്ഘാടനം ചെയ്തത്.  സമാപന യോഗത്തില്‍ നേതാക്കളായ എ പി അനില്‍കുമാര്‍, പി ടി അജയ് മോഹന്‍, ഇ മുഹമ്മദ് കുഞ്ഞി, മംഗലം ഗോപിനാഥ്, കെ പി അബ്ദുല്‍ മജീദ്, റഷീദ് പറമ്പന്‍,  വി ബാബുരാജ്, വി എ കരീം, അസീസ് ചീരാന്തൊടി, വല്ലാഞ്ചിറ ഹുസൈന്‍, വല്ലാഞ്ചിറ ഷൗക്കത്തലി, ഹരിപ്രിയ, അഡ്വ. ബീന ജോസഫ്, വി പി ഫിറോസ്, ഹനീഫ മേച്ചേരി എന്നിവര്‍ സംബന്ധിച്ചു
മലപ്പുറത്തു നിന്നും ആരംഭിച്ച സന്ദേശ യാത്ര വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് മഞ്ചേരിയില്‍ സമാപിച്ചത്. സേവാദള്‍ പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ചു.

Share this post: