Top Stories
കൊറോണാ വൈറസിന്റെ പകർച്ചാ ശേഷി കൂടുതലുള്ള 3 വകഭേദങ്ങളും ജില്ലയിൽ കണ്ടെത്തി
April 29, 2021

29/04/2021
മലപ്പുറം:കൊറോണാ വൈറസിന്റെ പകർച്ചാ ശേഷി കൂടുതലുള്ള 3 വകഭേദങ്ങളും ജില്ലയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. യുകെ, സൗത്ത് ആഫ്രിക്ക എന്നിവയ്ക്കു പുറമെ ഇന്ത്യയിൽ നിന്നുള്ള മഹാരാഷ്ട്ര വകഭേദവുമാണ് ജില്ലയിൽ പലയിടങ്ങ​ളിലായുള്ളത്. അതിവേഗം പകരുന്നുവെന്നതാണ് ഇവയുടെ പ്രത്യേകത.

ജില്ലയിൽ ഏറ്റവും കൂടുതലുളളത് യുകെ വകഭേദമാണ്. 58.33 ശതമാനം. ഇത് കുറച്ചു കാലമായി ജില്ലയിൽ പലയിടത്തായി കണ്ടു വരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. സൗത്ത് ആഫ്രിക്കൻ വകഭേദം 5.56 ശതമാനമാണ്. വിദേശ യാത്ര നടത്താത്തവരിൽ പോലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത് ഇവിടെ വ്യാപിച്ചുവെന്നതിന്റെ സൂചനയാണ്. മഹാരാഷ്ട്ര വകഭേദം 13.89 ശതമാനം. ഇതും നാളുകളായി ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറയുന്നു

അതേ സമയം
കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 31.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ബുധനാഴ്ച രോഗബാധിതരായവരില്‍ അധിക പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 3,549 പേരാണ് ഇത്തരത്തില്‍ വൈറസ് ബാധിതരായത്. 116 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിതരില്‍ 17 പേര്‍ പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെയായി 666 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

Share this post: