Exclusive News
കോട്ടക്കല്‍ പുത്തൂര്‍ – ചെനക്കല്‍ ബൈപ്പാസ് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനം

കോട്ടക്കല്‍ പുത്തൂര്‍ – ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.  പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാന തുക സംബന്ധിച്ച് ഈ മാസം 31 നകം തീരുമാനം അറിയിക്കാന്‍ ലാന്‍ഡ് റവന്യു വിഭാഗത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സ്ഥലം വിട്ട് നല്‍കുന്നവര്‍ക്കുള്ള തുക ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.


മലപ്പുറത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് കോട്ടക്കല്‍ നഗരത്തില്‍ പ്രവേശിക്കാതെ ചെനക്കല്‍ വഴി ദേശീയ പാതയിലേക്കെത്താമെന്നതാണ് പുതിയ ബൈപ്പാസിന്റെ നേട്ടം. ആകെ നാലര കിലോമീറ്ററാണ് പാതയുടെ നീളം. ഇതില്‍ ഒന്നര കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. കോട്ടക്കല്‍ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍, റവന്യു വിഭാഗം, പൊതു മരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: