25-Jun-2017
മലപ്പുറം : ജനങ്ങളുടെ ആശങ്കകള്‍, പരാതികള്‍, ആവലാതികള്‍ കൃത്യമായി പരിഹരിച്ചു മാത്രമേ നിര്‍ദ്ദിഷ്ട ഗെയില്‍ പദ്ധതിയുടെ സര്‍വ്വേ നടത്തുകയുള്ളൂ എന്ന് സബ് കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പദ്ധതി കടന്നു പോകുന്ന മേല്‍മുറി വില്ലേജിലെ ഭൂവുടമകളുടെ ആവശ്യ പ്രകാരം മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സബ് കലക്ടറും ഗെയിലിന്റെ ഉന്നത ഉദ്യോഗസ്ഥരും വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. സര്‍വ്വെ തടസ്സമില്ലാതെ തുടരാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ക്ക് വശംവദരാകാതെ സംശയങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ച് മനസ്സിലാക്കണമെന്നും ഗെയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ 58 കി.മീറ്റര്‍ നീളമാണ് പദ്ധതിക്ക് ആകെ വേണ്ടത്. ഇതുവരെ 26 കി.മീറ്റര്‍ ലൈനിന്റെ സര്‍വ്വെ നടപടികള്‍ ജനങ്ങളുടെ സഹകരണത്തോടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേരളത്തില്‍ പദ്ധതി നടപ്പിലായ സ്ഥലങ്ങളില്‍ കെട്ടിടങ്ങളേയോ അനുബന്ധ നിര്മ്മിതികളേയോ ബാധിക്കാത്ത വിധത്തിലാണ് പ്രവര്‍ത്തികള്‍ നടന്നത്. ഭൂമിയുടെ വിലയായി മാര്‍ക്കറ്റ് വിലയുടെ 75 ശതമാനം നഷ്ടപരിഹാരമായി നല്‍കും. വിളകളുടെയും മരങ്ങളുടെയും മറ്റും നഷ്ടപരിഹാരം വേറെയും നല്‍കും.
ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ സമാന പദ്ധതി സുരക്ഷിതമായി വിന്യസിച്ചിട്ട് വര്‍ഷങ്ങളായി. ഇതു വരെ അപകട സാധ്യതകള്‍ റിപ്പൊര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉറപ്പു വരുത്തികൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. കോഡൂര്‍, പാണക്കാട് വില്ലേജുകളില്‍ ഭൂവുടമങ്ങകളുടെ ആശങ്കകള്‍ അകറ്റിയതിന് ശേഷം മാത്രമാണ് സര്‍വെ പൂര്‍ത്തീകരിച്ചത്.
ചില ആളുകള്‍ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത റൂട്ടില്‍കൂടി മാത്രമേ പൈപ്പ് ലൈന്‍ പോകാവു എന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഗെയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.