Exclusive News
ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത്: തീര്‍പ്പുകല്‍പ്പിക്കാനായി ലഭിച്ചത് 329 പരാതികള്‍


മലപ്പുറം; സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടര്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരാതി പരിഹാര അദാലത്ത് കൊണ്ടോട്ടി താലൂക്കില്‍ നടന്നു. കൊണ്ടോട്ടി മോയിന്‍ക്കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അമിത് മീണ പങ്കെടുത്തു. ഓരോ പരാതിക്കാരനെയും നേരിട്ട് കണ്ട് പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു. അദാലത്തില്‍ ആകെ 329 പരാതികളാണ് ലഭിച്ചിരുന്നത്. പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ തല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
അദാലത്തില്‍ പങ്കെടുക്കുന്നതിന് നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. ഇങ്ങിനെ ലഭിച്ചത് 186 പരാതികളാണ്. തഹസില്‍ദാര്‍ വഴി ഈ അപേക്ഷകള്‍ ബന്ധപെട്ട ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്താണ് തീര്‍പ്പിനായി പരിഗണിച്ചത്. ഇതിനു പുറമെ അദാലത്ത് വേദിയിലും പരാതികള്‍ സ്വീകരിക്കാന്‍ സൗകര്യം ചെയ്തിരുന്നു. 143 പരാതികളാണ് വേദിയില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നല്‍കിയത്. ഈ പരാതികളില്‍ 15 ദിവസത്തിനകം ത്യപ്തികരമായ മറുപടി ബന്ധപെട്ട കക്ഷികള്‍ക്ക് നല്‍കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.നേരത്തെ ലഭിച്ച 186 പരാതികളിലല്‍ പകുതിയിലധികവും തീര്‍പ്പാക്കി ബാക്കിയുള്ളവയില്‍ ഏഴു ദിവസത്തിനകം ബന്ധപ്പെട്ട കക്ഷികള്‍ക്ക് മറുടി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എ.ഡി.എം.ടി.വിജയന്‍, ഡപ്യുട്ടി കലക്ടര്‍മാരായ വി.രാമചന്ദ്രന്‍, എ.നിര്‍മ്മലക്കുമാരി, പി.കെ.രമാദേവി, രഘുരാജ് എന്‍.വി.., എച്ച്.എസ്. ഗീത കണിശ്ശേരി. തഹസില്‍ദാര്‍ എസ്. ജയകുമാരന്‍ തുടങ്ങിയവര്‍ അദാലത്തിന് നേത്യത്വം നല്‍കി.

മുചക്ര വാഹനം നല്‍കാന്‍ തീരുമാനം.

ജില്ലാകലക്ടറുടെ മുന്നില്‍ പരാതിയുമായി എത്തിയ ഭിന്നശേഷിക്കാരായ മൂന്ന് പേര്‍ക്ക് മുചക്ര വാഹനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കോണ്ടോട്ടി നഗരസഭയിലെ രണ്ട് പേരും മുതുവല്ലൂരിലെ ഒരാളുമാണ് പരാതിയുമായി ജില്ലാ കലക്ടറുടെ മുന്നിലെത്തിയത്. സംസ്ഥാന വികലാംഗ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമന്ന് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ അറിയിച്ചു.
ആശ്വാസ കിരണം പദ്ധതിയില്‍ സഹായം ലഭിക്കുന്നില്ലെന്ന മൂന്ന് പേരുടെ മറ്റൊരു പരാതിയിലും സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് ഉടനടി നടപടി സ്വീകരിക്കാനും ജില്ലാസാമൂഹ്യക്ഷേമ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതാണ് പദ്ധതി.
ചെറുകാവ് പഞ്ചായത്തില്‍ നിന്ന് ഭിന്നശേഷിക്കാരിയായ കുട്ടിയുള്ള വീട്ടമ്മയുടെ പരാതി മകള്‍ക്ക് പുറത്തിറങ്ങാന്‍ സ്വകാര്യ വക്തി വഴി നല്‍കുന്നില്ല എന്നതായിരുന്നു..പരാതിയില്‍ ഭൂവുടമയുമായി സംസാരിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ തഹസില്‍ദാരെയും പഞ്ചായത്ത് സെക്രട്ടറിയേയും ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
പുഞ്ചപ്പാടത്ത് ചാലിയാറില്‍ വി.സി.ബി നിര്‍മ്മിക്കാത്തതിനാല്‍ പരിസര പ്രദേശത്ത് ഉപ്പ് വെള്ളം കയറുന്നു എന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

പരാതികള്‍ കൂടുതലും പഞ്ചായത്തുകളുമായി ബന്ധപ്പെട്ടത്.

വേദിയില്‍ ലഭിച്ച പരാതികളില്‍ കൂടുതലും പഞ്ചായത്തുകളുമായി ബന്ധപ്പെടതായിരുന്നു. 53 പരാതികള്‍. പരാതികളില്‍ തീര്‍പ്പാക്കാന്‍ പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടരും സെക്രട്ടറിയും ഹാജരായിരുന്നു. വഴിത്തര്‍ക്കം,റോഡ്,കുടിവെള്ളം.കെ.എസ്.ഇ.ബി. തുടങ്ങിയ വയുമായി ബന്ധപ്പെട്ട പരാതികളും ഉണ്ടായി. ലൈഫ് മിഷനില്‍ വീട് സ്ഥലം തുടങ്ങിയവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് 15 പരാതികളും റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട് 12 പരാതികളും ലഭിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതികളില്‍ ഉടന്‍ തന്നെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അപേക്ഷകരെ അറിയിച്ചു.

Share this post: