Top Stories
ജില്ലാ ആശുപത്രികളില്‍ പനി പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ ജില്ലാ പഞ്ചായത്ത്‌
June 29, 2017

“ആരോഗ്യ പുരസ്‌കാര തുക ഇതിനായി ചിലവഴിക്കും”

29-Jun-2017
മലപ്പുറം :ജില്ലാ ആശുപത്രികളില്‍ പനി പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ആശുപത്രി സൂപ്രണ്ടുമാരുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ പകല്‍ മുഴു സമയവും പനി ബാധിതര്‍ക്ക്‌ ചികിത്സ നല്‍കും. പനി ബാധിതരുടെ തിരക്ക്‌ കാരണം ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കുവാന്‍ പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തും. അധിക ഡോക്‌ടര്‍മാരുടെ സേവനം കരാര്‍ അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തും. മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും. കൊതുക്‌ വലയുടെ സംരക്ഷണം പനി ബാധിച്ചവര്‍ക്ക്‌ നല്‍കും. ജില്ലാ പഞ്ചായത്തിന്‌ മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിന്‌ ലഭിച്ച പുരസ്‌കാര തുക പനി ബാധിച്ചവരുടെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്‌ വേണ്ടി മൂന്ന്‌ ജില്ലാ ആശുപത്രികളിലും ചിലവഴിക്കും. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി പിടിപെടാതിരിക്കുന്നതിനുള്ള പ്രതിരോധ മരുന്ന്‌ ആവശ്യക്കാര്‍ക്കെല്ലാം നല്‍കുന്നതാണ്‌.

ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട്‌ എ.പി ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡണ്ട്‌ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, അനിതാ കിഷോര്‍, മെംബര്‍മാരായ സലീം കുരുവമ്പലം, എ.കെ അബ്‌ദു റഹ്‌മാന്‍, വെട്ടം ആലിക്കോയ, ഇസ്‌മായീല്‍ മൂത്തേടം, ടി.കെ റഷീദലി, ഒ.ടി ജയിംസ്‌, കെ.ദേവിക്കുട്ടി, സൈയ്‌ത്‌ പുല്ലാണി, പി.ആര്‍ രോഹില്‍ നാഥ്‌, ഡി.എം.ഒ ഡോ: കെ. സക്കീന, ഡോ: ഉസ്‌മാന്‍കുട്ടി (തിരൂര്‍), ഡോ: സി.ഹമീദ്‌ (നിലമ്പൂര്‍), ലേ-സെക്രട്ടറി പി. വിനയകുമാര്‍ (പെരിന്തല്‍മണ്ണ) തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post: