Top Stories
ജീവനാംശ വിധി നടപ്പാക്കല്‍ : മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് അധികാരം നല്കാന്‍ ശുപാര്‍ശ ചെയ്യും – വനിതാ കമ്മീഷന്‍
April 29, 2016

29, April 2016
മലപ്പുറം : കുടുംബ കോടതികളില്‍ നിന്നും ജീവനാംശം നല്കാന്‍ പുറപ്പെടുവിക്കുന്ന വിധികള്‍ നടപ്പിലാക്കാന്‍ പ്രാദേശിക മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് അധികാരം നല്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ സ്വന്തം വീടുകളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന കുടുംബ കോടതികളില്‍ പലവട്ടം കയറിയിറങ്ങുന്ന നിലവിലെ സാഹചര്യം ഒഴിവാക്കാനാണിത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാതിരുന്നാല്‍ ഇത്തരം കേസുകള്‍ കോടതിയുടെ പരിഗണനയ്ക്ക് കൈമാറേണ്ടി വരുമെന്ന് കമ്മീഷന്‍ പറഞ്ഞു. പരാതികള്‍ നല്കുീയും പിന്നീട് കമ്മീഷന്‍ സിറ്റിങിന് ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്കിടയിലെ നിയമ സാക്ഷരത വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. മറ്റ് കോടതികളില്‍ നടക്കുന്ന കേസുകള്‍ക്ക് ശക്തി പകരാന്‍ ഹര്‍ജിക്കാര്‍ സ്വന്തം ഭാര്യയുടെയോ മറ്റോ പേരില്‍ എതിര്‍ കക്ഷിക്കെതിരായി വനിതാ കമ്മീഷനില്‍ പരാതി നല്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. നിയമ ഭേദഗതിയിലൂടെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 70 കേസുകള്‍ പരിഗണിച്ച സിറ്റിങില്‍ 47 എണ്ണം പരിഹരിച്ചു. മൂന്നെണ്ണം വിശദമായ റിപ്പോര്‍ട്ടിനായി പൊലീസിന് കൈമാറിയിട്ടുണ്ട്. 20 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങില്‍ അഡ്വ.എ.ജമിനി, അഡ്വ.കെ.വി. ഹാറൂണ്‍ റഷീദ്, അഡ്വ. സുജാതാ വര്‍മ എന്നിവര്‍ പങ്കെടുത്തു.

Share this post: