Top Stories
തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ സുഗമമവും ഫലപ്രദവും സുതാര്യവുമാക്കാന്‍ വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇലക്ഷന്‍ കമ്മീഷന്‍
March 19, 2016

election-commissionതിരുവനന്തപുരം : വരാനിരിക്കുന്ന കേരള, അസം, പുതുശ്ശേരി, തമിഴ്‌നാട്‌, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നടപടിക്രമങ്ങള്‍ സുഗമമവും ഫലപ്രദവും സുതാര്യവുമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം ഊര്‍ജിതമാക്കി. ദേശീയതലത്തില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കല്‍, വോട്ടെടുപ്പുകേന്ദ്രങ്ങളുടെ നടത്തിപ്പ്‌, ഉദ്യോഗസ്ഥര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി നല്‍കല്‍, മൊബൈല്‍ അപ്‌ളിക്കേഷനുകളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗം, ജി.ഐ.എസ്‌. സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളാണു വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ നടക്കുന്നത്‌.
തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്ന വിവരസാങ്കേതികവിദ്യാ അധിഷ്‌ഠിതമായ പ്രധാന പദ്ധതികള്‍ ഇവയാണ്‌.

സമാധാന്‍: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനമാണിത്‌. ഓണ്‍ലൈനായോ ടോള്‍ഫ്രീ നമ്പറായ 1950 മുഖാന്തിരമോ പരാതികള്‍ സ്വീകരിക്കല്‍, ഇ-മെയില്‍, മൊബൈല്‍ അപ്ലിക്കേഷന്‍, ഫാക്‌സ്‌, തപാല്‍, എസ്‌.എം.എസ്‌, പരാതികള്‍ ഓണ്‍ലൈനായി പരിഹരിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സംവിധാനമായാണ്‌ സമാധാന്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.

സുവിധ: സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പൊതുയോഗങ്ങള്‍, റാലികള്‍, വാഹന ഉപയോഗം, താല്‍ക്കാലിക തെരഞ്ഞെടുപ്പ്‌ ഓഫീസ്‌, ഉച്ചഭാഷിണികള്‍, ഹെലികോപ്‌റ്ററുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ അനുമതി ലഭിക്കാനായി അപേക്ഷിക്കാവുന്ന ഏകജാലക സംവിധാനം.

സുഗം: വാഹനങ്ങള്‍ ആവശ്യപ്പെട്ടു കത്തു നല്‍കല്‍, ഉടമസ്ഥന്റെയും ഡ്രൈവറുടെയും വിലാസവും മൊബൈല്‍ നമ്പറും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിശദാംശങ്ങളും ഉള്‍പ്പെടെ വാഹനങ്ങളെക്കുറിച്ചു മനസ്സിലാക്കല്‍, ഒരു ജില്ലയില്‍നിന്നുള്ള വാഹനങ്ങള്‍ മറ്റൊരു ജില്ലയിലേക്ക്‌ അനുവദിച്ചുനല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള വാഹന മാനേജ്‌മെന്റ്‌ സംവിധാനമാണിത്‌.

ഇ.സി.ഐ. മൊബൈല്‍ ആപ്പുകള്‍:
മത്‌ദാതാ- വോട്ടര്‍പട്ടിക, വോട്ടെടുപ്പു കേന്ദ്രം എന്നിവ അറിയാനായി വോട്ടര്‍മാര്‍ക്കായുള്ള ആന്‍ഡ്രോയിഡ്‌ ആപ്‌.
മത്‌ദാന്‍- വോട്ടെടുപ്പു കേന്ദ്രങ്ങള്‍ നിരീക്ഷിക്കാനായുള്ള ആപ്‌
സമാധാന്‍- പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനുള്ള ആന്‍ഡ്രോയ്‌ഡ്‌ ആപ്‌.
സുഗം- വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ആന്‍ഡ്രോയ്‌ഡ്‌ ആപ്‌.
ഇലെകോം- തെരഞ്ഞെടുപ്പു വാര്‍ത്തകളും വാര്‍ത്താക്കുറിപ്പുകളും പുറത്തിറക്കാനുള്ള ആന്‍ഡ്രോയ്‌ഡ്‌ ആപ്‌.
എസ്‌.എം.എസ്‌. പോള്‍ മോണിറ്ററിങ്‌- പ്രിസൈഡിങ്‌ ഓഫീസറില്‍നിന്നും സെക്ഷന്‍ ഓഫീസറില്‍നിന്നും എസ്‌.എം.എസായി കാര്യങ്ങള്‍ അറിയാനുള്ള സംവിധാനം.
ഇ-കൗണ്ടിങ്‌: വോട്ടെണ്ണലിലെ പുരോഗതിയും ഫലവും കാണാന്‍ സാധിക്കുന്ന ആന്‍ഡ്രോയ്‌ഡ്‌ ആപ്‌.
പബ്ലിക്‌ ഗ്രീവന്‍സ്‌ റീഡ്രസ്സല്‍ സിസ്റ്റം (പി.ജി.ആര്‍.എസ്‌.): ജനങ്ങള്‍ക്കു പരാതികള്‍ സമര്‍പ്പിക്കാവുന്ന ഏകജാലക സംവിധാനമാണിത്‌. പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറുകയും തുടര്‍ന്നുള്ള പുരോഗതി പരാതിക്കാരനെ യഥാസമയം അറിയിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഒരു ചെറു കോള്‍ സെന്ററും പ്രവര്‍ത്തിക്കും.

ജെനേസിസും ഇ.വി.എം.റാന്‍ഡമൈസേഷനും: പ്രീ കൗണ്ടിങ്‌ അപ്ലിക്കേഷന്‍- സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശം സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി. ഇ.വി.എം.റാന്‍ഡമൈസേഷന്‍- ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകള്‍ ക്രമം മാറ്റി സജ്ജീകരിക്കല്‍

ചെലവു നിരീക്ഷിക്കലും സ്ഥാനാര്‍ഥികളുടെ സത്യവാങ്‌മൂലത്തിന്റെ ഇ-ഫയലിങ്ങും (ഡി.ഇ.ഒ. സ്‌ക്രൂട്ടിനി റിപ്പോര്‍ട്ട്‌): തെരഞ്ഞെടുപ്പു ചെലവു സംബന്ധിച്ചു സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ ശരിയാണോ എന്ന്‌ ഓണ്‍ലൈനായി നിരീക്ഷിക്കുകയും പിന്തുടര്‍ന്നു പരിശോധിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം.
സ്ഥാനാര്‍ഥികളുടെ ഏകദേശ ചെലവു സംബന്ധിച്ച പ്രസ്‌താവന: സ്ഥാനാര്‍ഥികള്‍ക്ക്‌ ഏകദേശ ചെലവു സംബന്ധിച്ച പ്രസ്‌താവന ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം. സ്ഥാനാര്‍ഥികളുടെ സത്യവാങ്‌മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കല്‍- സ്ഥാനാര്‍ഥികള്‍ക്ക്‌ ഇന്റര്‍നെറ്റിലൂടെ സത്യവാങ്‌മൂലങ്ങള്‍ സമര്‍പ്പിക്കാനും തുടര്‍ന്ന്‌ വരണാധികാരികള്‍ക്കു പരിശോധിക്കാനും കാന്‍ഡിഡേറ്റ്‌ അഫിഡവിറ്റ്‌ ഇ-ഫയലിങ്‌ സോഫ്‌റ്റ്‌വെയറിലൂടെ സാധിക്കും. ഇ.സി.ആര്‍.പി.മൊഡ്യൂള്‍- സ്ഥാനാര്‍ഥികള്‍ക്കു സത്യവാങ്‌മൂലവും ഏകദേശചെലവും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ റിട്ടേണ്‍ പ്രിപ്പേറര്‍ സ്‌കീം.
വെബ്‌കാസ്റ്റിങ്‌: നിയമവിരുദ്ധമായ ബൂത്ത്‌പിടിത്തം, വോട്ടര്‍മാര്‍ക്കു പണം നല്‍കല്‍, കള്ളവോട്ട്‌ എന്നിവ നിയന്ത്രിക്കുന്നതിനായി വിദൂരസ്ഥലങ്ങളിലുള്ള വോട്ടെടുപ്പുകേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യല്‍. വോട്ടിങ്‌ നടപടിക്രമത്തില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കാനും ഇതു സഹായകമാകും.
വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകവഴി തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ണമായും സുഗമമവും സുതാര്യവും ഫലപ്രദവുമാക്കിത്തീര്‍ക്കും.

Share this post: