Exclusive News
നിളയുടെ തീരത്ത് ഓർമ്മകൾ പുതുക്കാൻ അവർ ഒത്തു കൂടുന്നു; തമ്പ് സിനിമയുടെ നാൽപതാം വാർഷികം നാളെ

16/03/2018

കുറ്റിപ്പുറം:1978-ൽ പുറത്തിറങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജി. അരവിന്ദൻ സംവിധാനം നിർവ്വഹിച്ച തമ്പിന്റെ നാൽപതാം വാർഷികം നാളെ കുറ്റിപ്പുറം ചെമ്പിക്കൽ നിളാ തീരത്ത് നടക്കും. പുരസ്കാരങ്ങൾ ഏറെ വാരിക്കൂട്ടിയ ഈ ചിത്രത്തിൽ. ഭരത് ഗോപി. നെടുമുടി വേണു, വി. കെ. ശ്രീരാമൻ, ജലജ എന്നിവരായിരുന്നു ഈ പ്രധാന അഭിനേതാക്കൾ. അരവിന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. സിനിമയുമായി ബന്ധപ്പെട്ട പലരും ഇന്ന് ജീവിച്ചിരിപ്പില്ല. നെടുമുടി വേണുവും വി.കെ ശ്രീരാമനുമാണ് നാൽപതാം വാർഷികത്തിന്റെ സഘാടകർ.

നെടുമുടി വേണുവിന്റെ കുറിപ്പ്

സ്നേഹിതരേ,
അറിയാമല്ലോ, തമ്പ് കഴിഞ്ഞ് നാലു പതിറ്റാണ്ടുകൾ കഴിഞ്ഞു പോയി. തമ്പിൽ നിന്നിറങ്ങി പലരും പല വഴിക്കു പോയി. എന്നാൽ അഴിച്ചു കളയാൻ പറ്റാത്ത വിധം എഴുപത്തിയേഴിലെ ആ മകരമാസം മനസ്സിലിന്നും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു, ജീവിതത്തിന്റെ നാഴികക്കല്ലു പോലെ. ഓർമ്മകൾ നിളയുടെ നീരൊഴുക്കിനൊപ്പം വറ്റിയില്ല. നാൾക്കുനാൾ അത് തിടം വെച്ചു വളരുന്നു. തമ്പടിച്ച പുഴയും പുഴയോരവും മകരമഞ്ഞും നിലാവും ഒരു സാന്ത്വനം പോലെ എന്നും മനസ്സിലുണ്ട്. അതുകൊണ്ടാണ് ഞാനെന്റെ വീടിന് തമ്പ് എന്ന് പേരിട്ടത്. അഭയമാണെനിക്ക് തമ്പ്.
എന്നെ ഞാനാക്കിയ പലരുമിന്ന് ജീവിച്ചിരിപ്പില്ല. അപ്പഴും അവരാലാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയുന്നു. കാവാലവും അരവിന്ദനും എനിക്കച്ഛനമ്മമാർക്കു സമം. എൻ എൽ ബി എന്ന ബാലണ്ണൻ, ഗോപിച്ചേട്ടൻ, പപ്പൻ, മേക്കപ്മാൻ പപ്പനാഭൻ, എം ജി രാധാകൃഷ്ണൻ, ദേവദാസ്, ഞെരളത്ത്, കൊട്ടറ ഗോപാലകൃഷ്ണൻ, ആർ ആർ നായർ, ശങ്കരേട്ടൻ, എസ് പി രമേഷ്, കാട്ടുമാടം, കസ്റ്റംസ് വിജയരാഘവൻ… അങ്ങനെ ഒട്ടെല്ലാവരും തമ്പിറങ്ങിപ്പോയി. ആരൊക്കെ പോയാലും നിളയെന്ന സ്നേഹത്തിന്റെ നീരൊഴുക്ക് എന്നുമവശേഷിക്കുമെന്നായിരുന്നു പ്രതീക്ഷ; പക്ഷെ, അവസാന അഭയവും ഇല്ലാതാവുന്നതു പോലെ. മെലിഞ്ഞും ഉണങ്ങിയും ആ മഹാനദി കഥാവശേഷയാവുന്നത് ഇന്നു ഞാൻ കാണുന്നു.
ഈ വരുന്ന 17ന്ന് (17.3.2018 ശനിയാഴ്ച) വൈകീട്ട് തമ്പിന്റെ ഓർമ്മകളിൽ നമ്മൾ നിളയോരത്ത് ഒത്തുകൂടുന്നു. അതേ, തമ്പിന്റെ സ്മരണയേക്കാളേറെ നിളക്കു വേണ്ടിയുള്ള പ്രാർത്ഥനയാവുമത്.

നിങ്ങളെല്ലാവരും വരണം.

സ്നേഹപൂർവ്വം,

നെടുമുടി വേണു.

Share this post: