Top Stories
നോട്ടു പിന്‍വലിക്കല്‍ : അനന്തമായ കാത്തിരിപ്പുമായി ജനലക്ഷങ്ങള്‍
November 22, 2016

canara22-Nov-2016

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ മുലം പെരുവഴിയിലായ പാവങ്ങള്‍ ബാങ്കുകള്‍ക്കുമുന്നിലെ കാത്തിരിപ്പ്‌ തുടരുന്നു. നിരോധിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനായിരുന്നു നേരത്തെ ക്യൂ നിന്നിരുന്നതെങ്കില്‍, ഇപ്പോള്‍ അത്യാവശ്യത്തിന്ന്‌ ബാങ്കിലിട്ടിരുന്ന പണം തിരിച്ചുകിട്ടാനുള്ള നെട്ടോട്ടത്തിലാണ്‌. ബാങ്കുകള്‍ക്കു മുന്നിലെ ക്യു ഒരാഴ്‌ചക്കകം തീരുമെന്നായിരുന്നു മോഡിജിയുടെ പ്രഖ്യാപനം. എങ്കിലും നോട്ടുകള്‍ നിരോധിച്ച്‌ 12 ദിവസം കഴിഞ്ഞിട്ടും ക്യു വര്‍ദ്ധിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എടിഎമ്മുകള്‍ പണമില്ലാതെ നോക്കുകുത്തികളായതോടെ ജനങ്ങള്‍ അവിടെക്ക്‌ തിരിഞ്ഞു നോക്കാതായി. കാലത്ത്‌ എട്ടു മണിയോടെ അവര്‍ ബാങ്ക്‌ കൗണ്ടറുകള്‍ക്ക്‌ മുന്നില്‍ കാത്തു നില്‍ക്കുകയാണ്‌.

വളാഞ്ചേരി കനറാ ബാങ്ക്‌ നഗരമദ്ധ്യത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ആദ്യത്തെ നിലയില്‍ നിന്നു തന്നെ ബാങ്കിലേക്കുള്ളക്യു ആരംഭിക്കുകയാണ്‌.രണ്ടു നിലകളിലായി രണ്ടുവരികളായിക്യുനിന്നാ ണ്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുന്ന മൂന്നാം നിലയിലെത്തുന്നത്‌.ഇത്രയേറെ ത്യാഗം സഹിച്ച്‌ ബങ്കിലെത്തിയാല്‍ 2000 രൂപയുടെ ഒന്നോ,രണ്ടോ നോട്ടുകളാണ്‌ കിട്ടുന്നത്‌. ഇത്‌ മാറാനുള്ള നെട്ടോട്ടമാണ്‌ പിന്നീട്‌. ജന ജീവിതം പൂര്‍ണമായി സ്‌തംഭിപ്പിക്കുക മാത്രമല്ല മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്‌തമോഡിയും മോഡിഭക്തരും രാജ്യ സ്‌നേഹത്തിന്റെ അധരവ്യായാമവുമായാണ്‌ ജനങ്ങളെ നേരിടുന്നത്‌.

ബാങ്കിനു മുന്നില്‍ ക്യു നില്‍ക്കുന്നവരൊന്നുംകള്ളപ്പണക്കാരോ കരിഞ്ചന്തക്കാരോ അല്ല. തങ്ങള്‍ അദ്ധ്വാനിച്ച്‌ നേടിയ പണം, ചിലവുകള്‍ ചുരുക്കി പിന്നീട്‌ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ബാങ്കുകളില്‍ നിക്ഷേപിച്ചവരാണ്‌.ഇവരെ മണിക്കൂറുകളോളം ക്യുവില്‍നിര്‍ത്തി വിരലില്‍ ചാപ്പകുത്തിയാണ്‌ 2000 രൂപയുടെ നോട്ട്‌ കൊടുക്കുന്നത്‌.പണത്തിന്റെ ക്ഷാമം ജനജീവിതത്തിന്റെ സമസ്‌ത മേഖലകളെയും സ്‌തംഭിപ്പിച്ചിരിക്കുകയാണ്‌. കൂലി വേലക്കാര്‍ക്കുപോലും ജോലി ലഭിക്കാത്ത സാഹചര്യമാണ്‌ നലവിലുള്ളത്‌. കൂലി കൊടുക്കാന്‍പണം ഇല്ലാത്തതിനാല്‍ ആരും ആരേയും ജോലിക്ക്‌ വിളിക്കുന്നില്ല. കച്ചവട സ്ഥാപനങ്ങളില്‍ വ്യപാരം പത്ത്‌ ശതമാനമായികുറഞ്ഞു.പലരും വാടക കൊടുക്കേണ്ടി വരുന്നതിനാലാണ്‌ കടകള്‍ തുറന്ന്‌ വെക്കുന്നത്‌.ബാങ്കകളില്‍നിന്ന്‌ ലഭിക്കുന്ന രണ്ടായിരത്തിന്റെ നോട്ട്‌ മാറി കിട്ടണമെങ്കില്‍ 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങണം. പണം കിട്ടിയാല്‍ മാത്രമേ ആവശ്യങ്ങള്‍ നടക്കൂ എന്നതുകൊണ്ടാണ്‌ ക്ഷുഭിതരായ ജനക്കൂട്ടം ക്ഷമയോടെ കാത്തുനില്‍ക്കുന്നത്‌.അവരെ ഇനിയും അവഗണിച്ചാല്‍ അത്‌ അക്രമങ്ങളിലേക്ക്‌ വഴിമാറുന്ന കാലം വിദൂരമല്ല.

Share this post: