Top Stories
പരവൂര്‍ ദുരന്തം – ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
April 11, 2016

10, April 2016
തിരുവനന്തപുരം : കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടം സംബന്ധിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലത്ത് ചേര്‍ന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് തീരുമാനം. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി എന്‍. കൃഷ്ണന്‍ നായരാണ് കമ്മീഷനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊല്ലത്ത് അറിയിച്ചു. ആറു മാസമാണ് കമ്മീഷന്റെ കാലാവധി. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കും. നിലവില്‍ പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് എ. ഡി. ജി. പി. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ചാത്തന്നൂര്‍ എ. സി. പി. യുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് പരിഗണിച്ചാകും തുടരന്വേഷണം. ഐ. പി. സി. 304, എക്‌സ്പ്‌ളോസീവ് ആക്ട് എന്നിവ പ്രകാരം കേസെടുത്താണ് പോലീസ് അന്വേഷണം തുടങ്ങിയത്. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സരകമ്പം നടത്തുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പലയിടത്തും നിബന്ധനകള്‍ മറികടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് നിബന്ധനകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പരിശോധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പരവൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായ പരുക്കുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമല്ലാത്ത പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവുമാണ് ധനസഹായം നല്‍കുക. നൂറ് മരണമാണ് ഇതുവരെ സ്ഥിരീകരിക്കാനായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 60 മൃതദേഹങ്ങള്‍ തിരിച്ചറിയാനായി. അവ വേഗത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറും.തിരിച്ചറിയാത്ത 40 ശരീരങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്. 383 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളെന്ന വിവേചനം കൂടാതെ സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനസഹായം നല്‍കുന്നതിന് ഇലക്ഷന്‍ കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായതില്‍ മന്ത്രി സഭായോഗം അനുശോചിച്ചു. അതോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പോലീസ്, അഗ്നിശമന സേന, വിവധ സര്‍ക്കാര്‍ വകുപ്പുകള്‍, നാട്ടുകാര്‍ തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയും ജാഗ്രതയും പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this post: