26-Jul-2017
മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ ടി റബീഉള്ളയുടെ വസതിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ഏഴു പ്രതികളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മൈനോറിറ്റി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്്ലം ഗുരുക്കള്‍, അസ്്ലം ഗുരുക്കളുടെ ഗണ്മാന് കേശവമൂര്‍ത്തി, രമേശ്, സുനില്‍കുമാര്‍, റിയാസ്, കെ എസ് അര്‍ഷാദ്, ഉസ്്മാന്‍ എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റു ചെയ്ത് മലപ്പുറം കോടതില്‍യില്‍ ഹാജരാക്കിയത്. പ്രതികളെ മഞ്ചേരി സബ്ജയിലിലടച്ചു. പിടിയിലായവര്‍ ബാംഗഌര്, മംഗലാപുരം, കാസര്‍ഗോഡ് സ്വദേശികളാണ്. സംഭവത്തിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പോലീസ് അറിയിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ വിശ്രമത്തിലുള്ള ഡോ.റബീഉള്ളയെ കാണാന്‍ എത്തിയവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ മൂന്നു വാഹനങ്ങളിലായാണ് സംഘം ഈസ്റ്റ് കോഡൂരിലെത്തിയത്. റബീഉള്ളയെ കാണമെന്നു ആവശ്യപ്പെട്ട ഇവരോടു ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍, അദ്ദേഹം വിശ്രമത്തിലാണെന്നും ഇപ്പോള്‍ കാണാനാകില്ലെന്നും പറഞ്ഞതോടെ സംഘത്തിലുള്ളവര്‍ വീടിന്റെ മതില് ചാടി അകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ സെക്യൂരിറ്റിക്കാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും അക്രമികളെ വളഞ്ഞിട്ടു പിടികൂടുകയുമായിരുന്നു. സംഘമെത്തിയ രണ്ടു വാഹനങ്ങള്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ഇതിനിടെ നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മലപ്പുറം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായവരില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡോ.റബീഉള്ള എവിടെയാണെന്നതിനെ കുറിച്ച് ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അദ്ദേഹം വിദേശരാജ്യത്ത് ചികിത്സയിലാണെന്നും ഗള്‍ഫില്‍ വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ അഭ്യൂഹങ്ങളെ തള്ളി അദ്ദേഹം ഞായറാഴ്ച ഫേസ്ബുക്കില്‍ സ്വന്തം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ കോഡൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് കുറച്ച് ദിവസത്തേക്ക് വിട്ടു നില്‍ക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. അക്രമികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടില്ല. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കം അക്രമത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. റബീഉള്ളയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ പരേതനായ കാസര്‍കോഡ് ജില്ലാ മുസ്്ലിം ലീഗ് നേതാവും പ്രമുഖ വ്യാപാരിയുമായിരുന്നു കെ എസ് അബ്ദുല്ലയുടെ മകനാണ് പോല്സ് അറസ്റ്റിലായ അര്‍ഷാദ്. കേസിലെ രണ്ടാം പ്രതിയാണ് അര്‍ഷാദ്.
റബീയുല്ലയുടെ ഭാര്യയുടെ പരാതിയിലാണ് പ്രതികളെ പോല്ിസ് അറസ്റ്റ് ചെയ്തത്. ആയുധം കൈവശംവക്കല്‍, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീകുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലിസ് ചുമത്തിയിട്ടുള്ളത്. അതേസമയം, തന്നെ കള്ളക്കേസില്‍ കുരുക്കിയതാണെന്ന് അസ്ലം ഗുരുക്കള്‍ പ്രതികരിച്ചു. റബീഉള്ള പരസ്യമായ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. കാസര്‍കോട്ടുകാരനും മുസ്്ലിം ലീഗ് നേതാവുമായ ലത്തീഫുമായി ആശുപത്രി ഇടപാടിലെ തര്‍ക്കങ്ങളാണു സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. പ്രതികള്‍ക്ക് വേണ്ടി ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.