Exclusive News
ബാബരി മസ്ജിദ്: മറക്കാതിരിക്കലും പ്രതിഷേധമാണ്

06/12/2017
രാജ്യത്തിന്റെ മതേതരത്വത്തിന് തീരാകളങ്കമായി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് തികയുന്നു. പരിപാവനമായൊരു ആരാധനാലയത്തെ പതുക്കെ മസ്ജിദ് എന്ന നാമത്തില്‍ നിന്ന് തര്‍ക്കമന്ദിരം എന്ന് വിളിക്കുന്നതോട് കൂടി ബാബരിമസ്ജിദിന് മേലുള്ള ചെറുതും വലുതുമായ അക്രമണങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. 1992 ഡിസംബര്‍ 6ന് കര്‍സേവകരാല്‍ അത് തകര്‍ക്കുന്നതോട് കൂടി വര്‍ഷങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ചെയ്ത ആ ധ്വംസനത്തിന് ജീവന്‍വെച്ചു. തൊട്ടടുത്ത ദിവസം തന്നെ ബാബരി മസ്ജിദ് പഴയസ്ഥാനത്ത് പുനര്‍നിര്‍മ്മിക്കുമെന്ന് പറഞ്ഞ അന്നത്തെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇന്നിതുവരെയും പ്രാവര്‍ത്തികമായില്ല. തകര്‍ക്കപ്പെട്ട് കൃത്യം പത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്വോഷണത്തിനായി ലിബര്‍ഹാന്‍ കമ്മീഷനെ വെച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ മേധവിയായി 1992 ഡിസംബര്‍ 16 ന് രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ് ലിബര്‍ഹാന്‍ കമ്മീഷണ്‍. മൂന്നു മാസത്തിനുള്ളില്‍ കമ്മീഷണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ 17 വര്‍ഷം വൈകി 2009 ജൂണ്‍ 30 ന് ആണ് കമ്മീഷണ്‍ അതിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംങിന് സമര്‍പ്പിച്ചത്. 1000 ത്തിലധികം പുറങ്ങള്‍ വരുന്നതാണ് റിപ്പോര്‍ട്ട്. 2009 നവംബര്‍ 23 ന് ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു. പിന്നീടങ്ങോട്ട് മാധ്യമങ്ങള്‍ ഏറ്റെടുത്ത ഈ റിപ്പോര്‍ട്ട് സമര്‍പ്പണം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും ഒട്ടേറെ വിവാദങ്ങള്‍ക്കും വേദിയായി. ലോകസഭയില്‍ ഇതിനെ ചൊല്ലി ബഹളമുണ്ടാവുകയും തുടര്‍ന്ന് ഒരു ദിവസത്തേക്ക് സഭാനടപടികള്‍ നിര്‍ത്തിവെക്കുകയുമുണ്ടായി. ആഭ്യന്തര മന്ത്രാലയം ബോധപൂര്‍വ്വം റിപ്പോര്‍ട്ട് ചോര്‍ത്തിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2009 നവംബര്‍ 24 ന് ലിബര്‍ഹാന്‍ കമ്മീഷണ്‍ റിപ്പോര്‍ട്ടും (REPORT OF THE LIBERHAN AYODHYA COMMISSION OF INQUIRY) 13 പേജുള്ള നടപടി റിപ്പോര്‍ട്ടും(Action Taken Report) ആഭ്യന്തര മന്ത്രി പി. ചിദംബരം പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചു. . രാഷ്ട്രീയ സ്വയം സേവക് സംഘിനെ മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ സൂത്രധാരകരായി റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സര്‍ക്കാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട്, മുസ്ലിം സംഘടനകളുടെ നിലപാടുകളേയും വിമര്‍ശിക്കുന്നു. ഇന്ന് രാജ്യത്തിന്റെ സല്‍പേരിന് കളങ്കംചാര്‍ത്തിയ ആ ധ്വംസനം നടന്നിട്ട് 25 വര്‍ഷം തികയുമ്പോള്‍ രാജ്യത്തിന്റെ മഹാഭൂരിപക്ഷം സ്ഥലങ്ങളും അകരമികളാല്‍ ഭരിക്കപ്പെടുന്നു. ജനാധിപത്യത്തെ അട്ടിമറിച്ച് കൊണ്ട്, വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിച്ചുകൊണ്ട് മിക്ക സംസ്ഥാനങ്ങളും അവര്‍ ഭരിക്കുന്നു. കേരളത്തിലടക്കം അവര്‍ ഈ ദിവസത്തെ ആഘോഷമാക്കുമ്പോള്‍ പ്രതിഷേധത്തിന്റെ ചില ചെറുകണികള്‍ക്കപ്പുറം എടുത്തുപറയാനൊന്നുമില്ലാത്ത സാഹചര്യത്തില്‍ ബാബരിയെ മറക്കാതിരിക്കലും പ്രതിഷേധമാണ്.

Share this post: