Top Stories
ബാലവിവാഹവും ലൈംഗിക ചൂഷണവും ജില്ലയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
April 08, 2016

child-not-bride07, April 2016
മലപ്പുറം : ജില്ലയലില്‍ ബാലവിവാഹവും ലൈംഗിക ചൂഷണവും വര്‍ധി‍ക്കുന്നതായി ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2015 ല്‍ 103 ബാലവിവാഹങ്ങളാണ് ജില്ലാ ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016 മാര്‍ച്ച് വരെ 17 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ല്‍ 165 കുട്ടികള്‍ ജില്ലയില്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മാര്‍ച്ച് വരെ 35 കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ട്. കുട്ടികളെ പീഡനത്തിനിരയാക്കിയവരില്‍ അധികവും അയല്‍വാസികള്‍, രണ്ടാനച്ഛന്മാര്‍, അധ്യാപകര്‍ എന്നിവരാണ്. കുട്ടികള്‍ പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ച് നിയമസഹായം ഉറപ്പാക്കുന്നതിന് മുന്‍കൈ എടുക്കുന്നതും അധ്യാപകര്‍, അയല്‍ക്കാര്‍, രക്ഷിതാക്കള്‍ എന്നിവരാണ്. കുട്ടികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ 1098 ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ചൈല്‍ഡ് ലൈനില്‍ അറിയിക്കാം.

വര്‍ധിച്ചു വരുന്ന ബാല വിവാഹത്തിനെതിരെ സാമൂഹിക നീതി വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും ‘കുട്ടി കല്യാണത്തിനെതിരെ രണ്ട് വരി’ എന്നപേരില്‍ കാംപയ്ന്‍ നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാലവിവാഹത്തിനെതിരെയുള്ള കാംപയ്‌നിലേക്ക് ആശയങ്ങള്‍ കൈമാറാം. ബാല്യവിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന അവധിക്കാലത്ത് തന്നെ പൊതുജനങ്ങളെ ബോധവത്കരിക്കുകയും ബാല്യവിവാഹം തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കുകയുമാണ് കാംപയ്‌ന്റെ ലക്ഷ്യം. തപാല്‍/ഇമെയ്ല്‍/വാട്‌സ് അപ് മുഖേനയോ മഞ്ചേരിയില്‍ പ്രവര്‍ത്തികക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നേരിട്ടോ ഏപ്രില്‍ 12 നകം ആശയങ്ങള്‍ നല്കാം. സ്ലോഗന്‍, കവിത, കാര്‍ട്ടൂണ്‍, പെയിന്റിങ്, രണ്ട് വരി കവിത, വാക്യം എന്നിവ അയയ്ക്കാം. രണ്ട് വരിയില്‍ ആശയം വ്യക്തമാക്കണം. ഇംഗ്ലീഷിലോ മലയാളത്തിലോ നല്കാം. പങ്കെടുക്കുന്ന വ്യക്തിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്കണം. വ്യക്തിവിവരം പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ ബാല്യവിവാഹത്തിനെതിരെയുള്ള ‘മലപ്പുറം മാതൃക’ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിക്കും. വിലാസം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന് മഞ്ചേരി, മലപ്പുറം. വാട്ട്‌സ്അപ് നമ്പര്‍ 9446882775, 8891848684. ഫോണ് 04832978888.

Share this post: