Top Stories
മഞ്ചേരി കോടതി ജപ്‌തി ചെയ്‌ത തമിഴ്‌നാട്‌ ബസ്‌ വിട്ടു നല്‍കി
December 03, 2016

03-Dec-2016

മഞ്ചേരി: കൊടൈക്കനാലില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട്‌ ക്ലൈം ട്രിബ്യൂണല്‍ കോടതി വിധിച്ച നഷ്‌ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന്‌ ജപ്‌തി ചെയ്‌ത തമിഴ്‌നാടിന്റെ ബസ്സ്‌ വിട്ടു നല്‍കി. തമിഴ്‌നാട്‌ സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനി (മധുരൈ)യുടെ മഞ്ചേരി വഴി ഊട്ടിയിലേക്ക്‌ പോകുന്ന ബസ്സാണ്‌ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലിന്‌ കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ വെച്ച്‌ ജപ്‌തി ചെയ്‌തത്‌. 2009 ഏപ്രില്‍ എട്ടിനായിരുന്നു അപകടം. ഈ കേസില്‍ 2,44,0 00 രൂപ നഷ്‌ടപരിഹാരം മഞ്ചേരി എം എ സി ടി കോടതി വിധിച്ചിരുന്നു. എന്നാല്‍ 2010ലുള്ള ഈ കോടതി വിധി മാനിക്കാന്‍ കമ്പനി തയ്യാറാകാത്തതിനെ തുടര്‍ന്ന്‌ പരാതിക്കാരായ ഊരകം ഒ കെ മുറി നെടുമ്പറമ്പന്‍ ഹംസയുടെ മകന്‍ മുഹമ്മദ്‌ റാഫി (34), ഭാര്യ ഫാത്തിമ റിഫാന എന്നിവര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ജഡ്‌ജി കെ രമേഷ്‌ഭായിയുടെ ഉത്തരവ്‌ പ്രകാരം മഞ്ചേരി നാജര്‍ ഓഫീസ്‌ ആമീന്‍മാരായ ബാലകൃഷ്‌ണന്‍, ഗോപാലന്‍ എന്നിവരാണ്‌ ബസ്‌ ജപ്‌തി ചെയ്‌ത്‌ മഞ്ചേരി കോടതി വളപ്പിലെത്തിച്ചത്‌. പലിശയടക്കം അഞ്ചുലക്ഷത്തിലേറെ രൂപയാണ്‌ കമ്പനി നല്‍കാനുണ്ടായിരുന്നത്‌. ഇതില്‍ പകുതി തുക ഇന്നലെ കമ്പനി മാനേജര്‍ കോടതിയിലെത്തി കെട്ടിവെക്കുകയായിരുന്നു. ബാക്കി തുകക്ക്‌ കോടതി വീണ്ടും അവധി നല്‍കിയിട്ടുണ്ട്‌. ഇതില്‍ വീഴ്‌ച വരുത്തുന്ന പക്ഷം ബസ്‌ വീണ്ടും ജപ്‌തി ചെയ്യും.

Share this post: