Top Stories
മലപ്പുറം കാത്തിരിക്കുന്നു ; ഷഹബാസ് അമന്റെ മാന്ത്രിക സംഗീതതിനായ്
March 20, 2016

shahban-amanമലപ്പുറം : പ്രശസ്ത ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമനോടൊപ്പം സ്നേഹം നിറഞ്ഞ ഒരു സംഗീത രാത്രി ആസ്വദിക്കുവാനുള്ള ഒരു അവസരം ഒരുങ്ങുകയാണ്! ഇന്ത്യയിലും വിദേശത്തും ഏറെ പ്രിയതരമായിത്തീര്‍ന്ന ആ സ്നേഹാര്‍ദ്ര സംഗീത സതിര് അദ്ധേഹത്തിന്‍റെ ജന്മനാടായ മലപ്പുറത്ത് ഏറെ വിപുലമായ രീതിയില്‍ ആദ്യമായാണ് സംഘടിപ്പിക്കപ്പെടാന്‍ പോവുന്നത്. ഈ സായാഹ്നത്തെ അദ്ദേഹത്തിന്‍റെ തന്നെ മറ്റുള്ള കണ്‍സെര്‍ട്ടുകളില്‍ നിന്ന്‍ തീര്‍ത്തും വ്യത്യസ്ഥമാക്കുന്ന ഒരു പ്രധാന ഘടകവും അത് തന്നെ ആയിരിക്കും. 2016 ഏപ്രില്‍ 12 വൈകുന്നേരം 6.45 ന് മലപ്പുറം റോസ് ലോഞ്ച് ആണ് ഈ മനോഹര നിമിഷത്തിനു വേദിയാവുക.

സ്കൂള്‍ വെക്കേഷനില്‍ വിഷുക്കാലത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം ഒരു ശാന്ത സംഗീത രാവില്‍ ഒന്നിച്ചിരിക്കുക എന്നത് തീര്‍ച്ചയായും സന്തോഷകരമായ ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ചും അസഹിഷ്ണുതയും ഹിംസയും ഒക്കെ നിരന്തര ചര്‍ച്ചാ വിഷയങ്ങള്‍ ആയിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സമാധാനവും സഹിഷ്ണുതയും സന്തോഷവും പരസ്പര സ്നേഹവും ആഗ്രഹിക്കുന്ന ഒരു ജനതയുടെ കൂടിച്ചേരല്‍ തന്നെയാണ് ഈ ഗസല്‍ സന്ധ്യയില്‍ ഞങ്ങള്‍ ഏറ്റവുമധികം പ്രതീക്ഷിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു.

ബീഗം അക്തറും സൈഗാളും മെഹ്ദി ഹസനും മധു റാണിയും ഗുലാം അലിയും ജഗജിത് സിംഗും പങ്കജ് മല്ലികും ലതയും ഹേമന്ത് കുമാറും തലത്തും റഫിയും മുകേഷും കിഷോറും മന്നാഡെയും പങ്കജ് ഉധാസും തലത് അസീസുമെല്ലാം കാലത്തിന്‍റെ വഴിക്കല്ലുകളില്‍ കൊത്തിവെച്ച അത്യപൂര്‍വ്വ ശില്പ ചാരുതയാര്‍ന്ന ഗസലുകളും ഗീതുകളും നസ്മുകളും മാത്രമല്ല, മലയാളത്തിന്‍റെ സ്വന്തം അവധൂത സംഗീതജ്ഞര്‍ ബാബുരാജും മെഹബൂബും കോഴിക്കോട് അബ്ദുല്‍ ഖാദറും ഹൃദയം കൊണ്ട് പാടി വെച്ച അനശ്വര മലയാളം ഗസലുകളും മലബാറിന്‍റെ പൊതുവിലും മലപ്പുറത്തിന്‍റെ സവിശേഷവുമായ ‘കൊത്തുപണികളില്‍’ തീര്‍ത്ത മറ്റു മധുര ശീലുകളും സ്വന്തം ചലച്ചിത്ര/ആല്‍ബം കംബോസിഷനുകളുമെല്ലാം തീര്‍ത്തും വേറിട്ട തന്റേത് മാത്രം എന്ന് പറയാവുന്ന ഒരു ശൈലിയില്‍ ഷഹബാസ് പാടുന്നു.

Share this post: