Top Stories
മലപ്പുറം ജില്ലയിൽ 50 ശതമാനം ജനിതകമാറ്റം വന്ന വൈറസ്
April 27, 2021

27/04/2021
മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിൽ മലപ്പുറം ഉൾപ്പെടെ സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോർട്ട്. മലപ്പുറം ജില്ലയിൽ 50 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദം വന്ന വൈറസുകൾ.
തെരഞ്ഞെടുപ്പിന് മുൻപ് ജില്ലകളിൽ നിന്നായി ശേഖരിച്ച സാമ്പിൾ ഫലമാണ് സർക്കാരിന് ലഭിച്ചത്. വോട്ടെടുപ്പിന് ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനിതകമാറ്റം വന്ന വൈറസ് തന്നെയെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താത്തത്.

13 ജില്ലകളിലും ബ്രട്ടീഷ് വകഭേദം വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതല്‍ കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. 75 ശതമാനം. മലപ്പുറത്തിന് പുറമെ വയനാട്, കാസർകോട്, എറണാകുളം ജില്ലകളിലും 50 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദം വന്ന വൈറസുകൾ. ഈ വൈറസുകൾക്ക് വ്യാപന ശേഷി കൂടുതലാണ്.

ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം കൂടുതല്‍ പാലക്കാട് ജില്ലയിലാണ്. 21.43 ശതമാനം. കാസർകോട്, വയനാട് ജില്ലകളിലും ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തി. ഇന്ത്യന്‍ വകഭേദ വൈറസ് അഥവാ മഹാരാഷ്ട്ര വകഭേദം കൂടുതൽ കോട്ടയം ജില്ലയിൽ കണ്ടെത്തി. കോട്ടയത്ത് 19.05 ശതമാനമായിരുന്നു ഇന്ത്യൻ വകഭേദത്തിന്റെ അളവ്. ഏറ്റവും കൂടുതൽ അപകടകാരികളായ വൈറസ് വകഭേദം ഇതാണ്.

ജനിതകമാറ്റ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായത് കഴിഞ്ഞ മാസത്തിനിടെയാണ്. ഫെബ്രുവരിയില്‍ കേരളത്തിലുണ്ടായിരുന്നത് ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു. ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍ മാർച്ചിനാണ് സംസ്ഥാനത്തെത്തിയത്.

ഡൽഹി, കർണ്ണാടക, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം പത്ത് സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ ഇരട്ട ജനിതക മാറ്റം സ്ഥിരീകരിച്ചിരുന്നു. കോവിഡിെന്റെ വ്യാപന തീവ്രതയും വൈറസിെൻറ ജനിതകവകഭേദവും തമ്മിൽ ബന്ധമുണ്ടെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയവും പറയുന്നത്. ഐ ജി ഐ ബി ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിന് വേണ്ടി പഠനം നടത്തുന്നത്.

Share this post: