Exclusive News
മലപ്പുറം സീറ്റിനായി ഇ.ടി; കുഞ്ഞാലികുട്ടി പൊന്നാനിയിലേക്ക് മാറുമോ?

22/01/2019

മലപ്പുറം:ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാവുമ്പോൾ പൊന്നാനി വിട്ട് മലപ്പുറം മണ്ഡലത്തിൽ മത്സരിക്കാൻ ഇ.ടി മുഹമ്മദ് ബഷീർ തയ്യാറെടുക്കുന്നു. നിലവിലെ എം.പിമാരായ കുഞ്ഞാലിക്കുട്ടിയേയും ഇ.ടിയേയും തന്നെ മത്സരിപ്പിക്കാനാണ് ലീഗിലുണ്ടായ ധാരണ. എന്നാൽ മലപ്പുറം ഇ.ടിക്ക് നൽകി കുഞ്ഞാലിക്കുട്ടി പൊന്നാനിയിലേക്ക് മാറുമോ എന്നാണ് ഇനി അറിയേണ്ടത്.

മത്സര രംഗത്തുണ്ടാവുമോ എന്ന് തന്നെ ഉറപ്പില്ലാതിരുന്ന ഇ.ടിക്ക് തുണയായത് മുത്തലാഖ് വിഷയം പാർലമെന്റിൽ വന്നപ്പോഴുണ്ടായ കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യമാണ്. പാർലമെൻറ് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ സ്വകാര്യപരിപാടികൾക്ക് കുഞ്ഞാലികുട്ടി പോയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അണികൾക്കിടയിൽ കുഞ്ഞാലി കുട്ടിക്ക് എതിരായ വികാരം ഉയർന്നു. സമസ്ത പരസ്യമായി ലീഗിനെതിരെ രംഗത്ത് വരുന്നത് ഒഴിവാക്കാൻ ഹൈദ്രലി തങ്ങൾക്ക് കുഞ്ഞാലി കുട്ടിയോട് വിശദീകരണം ചോദിക്കേണ്ടിയും വന്നിരുന്നു. മുൻപ് ഉപരാഷ്ടപതി തിരഞ്ഞെടുപ്പിലും കുഞ്ഞാലികുട്ടി വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. ഇവ പാർട്ടിക്കകത്തും സമുദായത്തിനകത്തും കുഞ്ഞാലികുട്ടിക്കെതിരായതും ഇ.ടിക്ക് അനുകൂലമായതുമായ വലിയ ചർച്ചക്കൾ ഉണ്ടാക്കിയിട്ടുണ്ട്.

ഇതെല്ലാം കൊണ്ട് തന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കുഞ്ഞാലികുട്ടി മത്സരിച്ചില്ലെങ്കിലും ഇ.ടി മത്സരിക്കൽ നിർബന്ധിതമായ അവസ്ഥയിലേക്ക് ലീഗ് നേതൃത്വത്തെ എത്തിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെയാണ് മലപ്പുറത്ത് മത്സരിക്കാനുള്ള നീക്കം ഇ.ടി മുഹമ്മദ് ബഷീർ നടത്തുന്നത്. മാത്രമല്ല കഴിഞ്ഞ തവണ കുറഞ്ഞ വോട്ടുകൾക്ക് വിജയിച്ച പൊന്നാനിയിൽ കടുത്ത മത്സരം നടന്നാൽ വീണ്ടും വിജയിക്കുക എളുപ്പമാവുകയുമില്ല. അത്കൊണ്ട് കൂടുതൽ സുരക്ഷിതമായ മലപ്പുറം മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യമാണ് ഇ.ടി മുഹമ്മദ് ബഷീർ മുന്നോട്ട് വെക്കുന്നത്. ഈ ഘട്ടത്തിൽ നേതൃത്വം ഇ.ടിയുടെ ആവശ്യം തള്ളില്ലെന്നാണ് അദ്ധേഹത്തോട് അടുപ്പമുള്ളവർ കരുതുന്നത്.

എന്നാൽ ഒട്ടും താൽപര്യമില്ലാത്ത പൊന്നാനിയിലേക്ക് കുഞ്ഞാലികുട്ടി മാറാൻ തയ്യാറാവുമോ എന്നത് കണ്ടറിയണം.

Share this post: