27-Nov-2016
നിലമ്പൂര്‍: പടുക്ക സ്റ്റേഷന് പരിധിയിലെ ഉണക്കപ്പാറയില്‍ ഷെഡുകള്‍ നിര്‍മിച്ച് മാവോയിസ്റ്റുകള്‍ താമസമാക്കിയിട്ട് കുറഞ്ഞത് 8 മാസമെങ്കിലും ആയിട്ടുണ്ടെന്ന് പോലീസിന്റെ വിശദീകരണം. പോലീസും വനം വകുപ്പും ഉപയോഗിക്കുന്നത് കൂടാതെ പുതിയൊരുപാത മാവോവാദികള്‍ തങ്ങളുടെ സഞ്ചാരത്തിനായി ഇവിടെ തിരഞ്ഞെടുത്തിട്ടുണ്ട്. വഴിക്കടവ് കരുളായി ഭാഗങ്ങളിലേക്ക് പോകാവുന്നതും വനം പോലീസ് വകുപ്പുകളുടെ കണ്ണില്‍ പെടാത്തതുമായ രീതിയിലാണ് ഇവര്‍ സുരക്ഷിത പാത കണ്ടെത്തിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ വനമേഖല ഒന്നുകൂടി സുരക്ഷിതമെന്ന നിലയിലാണ് ഇവിടെ ഇവര്‍ സ്ഥിരതാവളമാക്കിയത്. വിക്രംഗൗഡ, ദേവരാജന്‍ തുടങ്ങിയ കേന്ദ്ര നേതാക്കള്‍ തന്നെ ഇവിടെ തമ്പടിച്ചത് വ്യക്തമായ പദ്ധതികളുടെ ആസൂത്രണത്തിന്റെ ഭാഗമായാണെന്ന് കരുതുന്നു. നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് 5 വര്ഷത്തോളമാകുമ്പോളും പൂളക്കപ്പാറ വനമേഖലയില്‍നിന്നും 10 കിലോമീറ്റര്‍മാത്രം അകലെയുള്ള ഈ വനമേഖലയില്‍ 4 ചെറിയ ഷെഡ്ഡുകള്‍ താമസിക്കാനും ഭക്ഷണം പാകന്ചെയ്യാന് മറ്റൊരു ഷെഡ്ഡും നിര്‍മിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വനം വകുപ്പിനുപോലും താവളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നല്ല. മൊബൈല്‍ ടവറുകളില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നതും വന്യമൃഗങ്ങളുടെ കേന്ദ്രമായതിനാല്‍ വനപാലകരുള്‍പ്പെടെ എത്തിനോക്കാത്ത പ്രദേശമെന്ന നിലയിലും ഏറെ സുരക്ഷിതമായാണ് മാവോയിസ്റ്റുകള്‍ ഇവിടം കണ്ടിരുന്നത്. അതിനാല്‍ തന്നെയാണ് മറ്റിടങ്ങളിലേക്ക് മാറാതെ ഇവിടെതന്നെ തുടര്‍ന്നതെന്നുമാണ് പോലീസ് വിലയിരുത്തുന്നത്. ഇതിനിടയില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകളില്‍ മൂന്നുപേരെ തമിഴ്നാട് കേരള അതിര്‍ത്തിയായ എല്‍എ മലയില്‍ കണ്ടതായും തമിഴ്നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.