Top Stories
മാവോയിസ്‌റ്റുകള്‍ വെടിയേറ്റ്‌ മരിച്ച സ്ഥലത്തിന്‌ സമീപം രണ്ട്‌ താല്‍ക്കാലിക ഷെഡ്ഡുകള്‍ കണ്ടെത്തി
November 26, 2016

mao-shed25-Nov-2016

നിലമ്പൂര്‍: മാവോയിസ്‌റ്റുകള്‍ വെടിയേറ്റ്‌ മരിച്ച സ്ഥലത്തിന്‌ സമീപം ഒരു വര്‍ഷത്തോളം പഴക്കമുള്ള രണ്ട്‌ താല്‍കാലിക ഷെഡ്ഡുകളാണ്‌ ഉണക്കപ്പാറ വനമേഖലയില്‍ പോലീസ്‌ കണ്ടെത്തി. പതിനഞ്ച്‌ പേര്‍ക്ക്‌ വീതം താമസിക്കാവുന്നതാണ്‌ ഷെഡ്ഡുകള്‍. ഷെഡ്ഡില്‍ നിന്നും ബോംബ്‌ അടക്കമുള്ള സ്‌ഫോടക വസ്‌തുക്കള്‍ ഉണ്ടാക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍, അന്‍പത്‌ കിലോയോളം വരുന്ന അരിയും മറ്റ്‌ ഭക്ഷ്യസാധനങ്ങള്‍, പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, ഐപാഡ്‌, വൈഫൈ സൗകര്യങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. കൂടാതെ സോളാര്‍ പാനല്‍ ഉപയോഗിച്ച്‌ ഷെഡ്ഡിന്‌ ചുറ്റും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ്‌ ഒരു വര്‍ഷത്തിലേറെയായി മാവോയിസ്‌റ്റുകള്‍ ഇവിടെ താവളമാക്കിയിരുന്നത്‌. 30 പേര്‍ക്ക്‌ താമസിക്കാന്‍ ഉണ്ടെങ്കിലും 11 അംഗ സംഘമാണ്‌ ഇവിടെ താമസിച്ചിരുന്നതെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. രണ്ടാള്‍ വെടിയേറ്റ്‌ മരിക്കുകയും രക്ഷപെട്ട ഒന്‍പത്‌ പേരില്‍ ഒരാള്‍ക്ക്‌ വെടിയേറ്റിട്ടുണ്ടെന്നാണ്‌ പോലീസ്‌ നല്‍കുന്ന സ്ഥിരീകരണം. മാരകമായി പരിക്കേറ്റ മൂന്നാമന്‌ വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വനംവകുപ്പിന്റെ വാഹനങ്ങള്‍ കടന്നുപോകുന്ന വനപാതയില്‍ നിന്നും മൂന്നരകിലോമീറ്റര്‍ മാത്രം ദൂരെയാണ്‌ ഈ ഷെഡ്ഡുകള്‍ ഉള്ളതെന്നും ഏറെ ശ്രദ്ധേയമാണ്‌.

Share this post: