Exclusive News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കാരുണ്യ വഴിയിലെ കുരുന്നു മാതൃകകള്‍ ശ്രദ്ധേയമാവുന്നു

മഴക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധന സമാഹരണത്തിന്റെ ഭാഗമായി നടക്കുന്ന താലൂക്ക് തല ധനസമാഹരണ ക്യാംപയിനുകളിലെ കുരുന്നുകളുടെ സംഭാവനകള്‍ ശ്രദ്ധേയമാവുന്നു. ഇന്നലെ നിലമ്പൂര്‍ താലൂക്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റ നേതൃത്വത്തില്‍ നടന്ന ധനസമാഹരണത്തില്‍ നിരവധി കുട്ടികളാണു തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളുമായെത്തിയത്. സ്‌കൂളുകളില്‍ നിന്നു ഒന്നിച്ചു തുക സമാഹരിച്ചത്തെിയ കുട്ടികള്‍ക്കു പുറമെ വ്യക്്തിപരമായ സംഭാവനകളുമായും കുട്ടികളെത്തി.
കാന്‍സര്‍ രോഗിയായ പൂക്കോട്ടുംപാടം ജി.എച്ച്.എസ്. സ്‌കൂളിലെ എം.കെ. ദേവിക തനിക്കു കിട്ടിയ പെന്‍ഷന്‍ തുകയായ 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയപ്പോള്‍ സദസ്സിന്റെ നിലക്കാത്ത കയ്യടിയുടെ അകമ്പടിയോടെയാണ് മന്ത്രി തുക ഏറ്റുവാങ്ങിയത.് അച്ചനുമമ്മയുമില്ലാത്ത ചുള്ളിയോട് സ്വദേശിയായ ദേവിക, അമ്മമ്മയോടൊപ്പമാണ് താമസം. ഹൃദ്‌രോഗിയായ അമ്മക്കു ജോലിക്കു പോവാനാവാതായതോടെ സ്വന്തം ജീവിതവും പഠന ചെലവുകളും തന്നെ പ്രയാസത്തിലായ സമയത്താണ് ദേവികയുടെ ഈ മാതൃകാ പ്രവര്‍ത്തനം. സ്വന്തം വേദനയെ മറന്നു സമൂഹത്തിന്റെ വേദനയൊപ്പുന്നതില്‍ മാതൃക കാണിച്ച ദേവികയെപ്പോലുള്ളവര്‍ നാടിനാകെ മാതൃകയാണെന്നു മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു.

 

ആദ്യ കുര്‍ബാനയുടെ സമയത്ത് ബന്ധുക്കള്‍ നല്‍കിയ സ്‌നേഹ സമ്മാനമായ 10000 രൂപയുമായാണ് പൂക്കോട്ടുമണ്ണ കാര്‍മ്മല്‍ഗിരി ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ലോയിഡ് എത്തിയത്. തന്റെ സമ്പാദ്യകുടുക്കയുമായാണ് നിലമ്പൂര്‍ മജ്മഅ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹിമ ഷെഫ്‌നിയെത്തിയത്. അകമ്പാടം സ്വദേശി അനീസിന്റെ മകളാണ് തുക എത്രയെന്ന് എണ്ണി നോക്കുക പോലും ചെയ്യാതെ നിറഞ്ഞ കുടുക്ക കൈമാറിയ ഈ കൊച്ചു മിടുക്കി.

Share this post: