Top Stories
മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വന്‍ നാശനഷ്ടം
June 28, 2017

28-Jun-2017
മലപ്പുറം : മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കൊണ്ടോട്ടി, കാളികാവ്, എടക്കര, നിലമ്പൂര്‍ താനൂര്‍ പൊന്നാനി എന്നിവിടങ്ങളിലാണ് വിവിധ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
കാളികാവ് വന്‍മരം കടപുഴകി വീണ് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് ചെങ്കോടിനടുത്ത് സിനിമാ തിയറ്റര്‍ പടിയിലാണ് ഇന്നു പുലര്‍ച്ചെ നാലരക്ക് വന്‍ പുളിമരം കടപുഴകി വീണത്. റോഡിന് എതിര്‍ ദിശയിലുള്ള കുണ്ടില്‍ ആയിശ കുട്ടിയുടെ കെട്ടിടം ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിനു പുറകില്‍ വാടകയ്ക്കു താമസിക്കുന്ന സുകുമാരനും കുടുംബവും കെട്ടിടം തകരുന്ന ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ബ്രിട്ടീഷ് കാരുടെ കാലത്ത് പാതയോരങ്ങളില്‍ വച്ചു പിടിപ്പിച്ച മരങ്ങളില്‍ ശേഷിക്കുന്നവയില്‍പെട്ടതാണ് 150 വയസിലേറെ മൂപ്പുള്ള വന്‍ പുളിമരം. കാളികാവ് ബസാര്‍ ഗവ: യുപി സ്‌കൂളിലേക്കുള്ള റോഡിനോട്് ചാരിയാണ് മരം വീണത്. രാവിലെ സ്‌കൂള്‍ സമയത്തിനു മുന്‍പ് മരം വീണതിനാല്‍ വന്‍ ദുരന്തമൊഴിവായി. സംസ്ഥാന പാതയിലെ ഗതാഗതം കാളികാവ് പോലിസ് സ്‌റ്റേഷന്‍ – കുട്ടത്തി വഴി തിരിച്ചുവിട്ടു.

എടപ്പാള്‍: രണ്ടു ദിവസമായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കനത്ത കൃഷിനാശം. നേന്ത്രവാഴത്തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു നാശം സംഭവിച്ചിട്ടുണ്ട്. കാലടി, നന്നംമുക്ക്, എടപ്പാള്‍, തവനൂര്‍ പഞ്ചായത്തുകളിലായി ഒട്ടേറെ നേന്ത്രവാഴത്തോട്ടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. എടപ്പാള്‍ വലിയ പാലത്തിനു സമീപം പുറമ്പോക്കില്‍ താമസിക്കുന്ന വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പ് പൊട്ടിവീണും വൈദ്യുതി വിതരണവും തടസപ്പെട്ടിരുനെന്നങ്കിലും ശരിയാക്കി. കണ്ടനകം കരിങ്കൊറപ്പാടത്തിന്റെ ഒരുഭാഗം നികത്തി വീടുവച്ചതുമൂലം വയലിലെ ഒഴുക്ക് നിലച്ചത് പരിസരത്തെ കമുകിന്‍ തോട്ടങ്ങളിലേയ്ക്കു വെള്ളം കയറാനിടയാക്കി. വയല്‍ നികത്തലിനെതിരെ പരിസരവാസികള്‍ നിരവധി തവണ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

കൊണ്ടോട്ടി: കനത്ത മഴയില്‍ സ്‌കൂളിന്റെ മതിലും മുറ്റവും ഇടിഞ്ഞു വീണു. പുളിക്കല്‍ പഞ്ചായത്തിലെ ഒളവട്ടൂര്‍ തടത്തില്‍ പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഇരുപതടിയോളം ഉയരമുള്ള മതിലും മുറ്റവുമാണ് മഴയില്‍ ഇടിഞ്ഞു വീണത്. ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് മതില്‍ ഇടിഞ്ഞ് സ്‌കൂളിലേക്ക് കയറിപ്പോകുന്ന റോഡിലേക്ക് വീണത്. പ്ലസ് വണ്‍ അഡ്മിഷന്‍ നടക്കുന്ന സമയമായതിനാല്‍ ഒട്ടേറെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കയറിയിറങ്ങുന്ന റോഡിലേക്കാണ് മതില്‍ ഇടിഞ്ഞ് വീണത്. റോഡിലെ മണ്ണും കല്ലും നീക്കം ചെയ്ത് സ്‌കൂളിലേക്കുള്ള വഴി തടസ്സം നീക്കി. നിര്‍മ്മാണത്തിലെ അപാകതയാണ് മതില്‍ തകരാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.

താനൂര്‍: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ താനൂരിലും പരിസര പ്രദേശങ്ങളിലും വന്‍ നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകിയും കൊമ്പ് ഒടിഞ്ഞുവീണു. ചിറക്കല്‍ പള്ളിക്കു സമീപം കോട്ടയില്‍ സുധാകരന്റെ വീടിനുമുകളില്‍ മരകൊമ്പ് ഒടിഞ്ഞു വീണ് വീടിന്റെ ഒരു ഭാഗവും ബാത്ത് റൂമും ഭാഗികമായി തകര്‍ന്നു. മഴയില്‍ വിവിധയിടങ്ങളിലെ ചെറുതോടുകളും നിറഞ്ഞുകവിഞ്ഞു. ഗ്രാമീണ റോഡുകളും വെള്ളക്കെട്ടിലായി. ചിലയിടങ്ങളിലെ ചെറുതോടുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ ഒഴുക്ക് നിലച്ചതിനാല്‍ മലിനജലം സമീപത്തെ വീടുകളിലേക്ക് കയറിയത് പ്രദേശവാസികള്‍ക്ക് ദുരിതമായി. പാലപ്പെട്ടി പ്രദേശങ്ങളില്‍ മൂന്നിടത്തായി വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണു. ഇതേത്തുടര്‍ന്ന് രണ്ടുമണിക്കൂര്‍ നേരമാണ് വൈദ്യുതി മുടങ്ങിയത്. മാറഞ്ചേരി വടമുക്ക് വള്ളുവിഞ്ചിറ ബാബുവിന്റെ വീടിന് മുകളിലേക്ക് മരവും തെങ്ങും വീണതിനെത്തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഈ നേരത്ത് വീടിനകത്തുണ്ടായിരുന്ന ബാബുവിന്റെ ഭാര്യ ബിന്ദുവിന്റെ തലയിലേക്ക് ഓട് വീണ് സാരമായി പരിക്കേറ്റു. ഇവരെ കുന്ദംകുളം റോയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്.

Share this post: