27/09/2017
വേങ്ങര: മണ്ഡലത്തിലെ വിവിധമേഖലകളിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു ഇന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ എന്‍ എ ഖാദര്‍. യുവാക്കളുടെ വോട്ടുകളില്‍ പ്രതീക്ഷയര്പ്പിക്കുമ്പോളും വിമത സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാത്തത് തിരിച്ചടിയാകുമെന്ന ആശങ്കകളും യു ഡി എഫ് ക്യാമ്പിലില്ലാതില്ല. ഊരകം പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലബ്ബുകളിലുമായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രധാന പ്രചരണം. വഴിയില്‍ കവലകളിലെല്ലാം ഇറങ്ങി നാട്ടുകാരോടൊപ്പം കൂടി. ഊരകം പഞ്ചായത്തിലെ മുതിര്‍ന്ന വോട്ടര്‍മാരെ വീട്ടിലെത്തിയും പിന്തുണ തേടി. രാവിലെ പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ക്ക് ശേഷമാണ് പര്യടനത്തിനിറങ്ങിയത്. കാരാത്തോട് അങ്ങാടിയില്‍ വോട്ടഭ്യാര്‍ത്ഥിച്ചു. പിന്നീട് കോട്ടുമലയിലെ വീട്ടില്‍ കാരണവരെ കണ്ടു. പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പിച്ച് മടങ്ങി. പിന്നെ ഊരകം മര്‍ക്കസുല്‍ ഉലൂം ഹയര്‍സെക്കന്ററി സ്കൂളിലേക്കാണ് സ്ഥാനാര്‍ത്ഥി എത്തിയത്. ഇടവേള സമയമായതിനാല്‍ വിദ്യാര്‍ത്ഥികളെല്ലാം പുറത്തുതന്നെ ഉണ്ടായിരുന്നു. ആര്‍പ്പുവിളികളോടെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയെ എതിരേറ്റത്. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കണ്ടു പിന്തുണ തേടി.
ജവഹര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തിലേക്കാണ് പിന്നീട് സ്ഥാനാര്‍ത്ഥി പോയത്. പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഉച്ചക്ക് ശേഷം ഊരകം, ജാറംപടി, പൂളാപ്പീസ്, കരിയാരം, പുള്ളിക്കല്ല്, വേങ്ങര എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയെത്തി. ഉച്ചയോടെ വേങ്ങര മലബാര്‍ കോളേജില്‍ എത്തിയ സ്ഥാനാര്‍ഥിയെ ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ച്. എന്നാല്‍ സര്‍ക്കാര്‍ മേഖലയിലാകേണ്ടിയിരുന്ന കോളെജിനെ കച്ചവടത്തിന് വഴിയൊരുക്കി ലീഗിന്റെ പരിധിയിലുള്ള കടലാസ് സംഘടയുടെ എയ്ഡഡ് കോളേജാക്കിയതിന്റെ പരാതികളും മുറുമുറുപ്പുകളുണ്ടായിരുന്നു.
ഒതുക്കുങ്ങല്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഇന്ത്യയില്‍ വിരുന്നെത്തുന്ന അണ്ടര്‍17 ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതികൊണ്ട് സംസ്ഥാനത്ത് നടത്തുന്ന വണ്‍മില്യാന്‍ ഗോള്‍ പരിപാടിയില്‍ ഗോളടിച്ചും സ്ഥാനാര്‍ത്ഥി കയ്യടി നേടി. വേങ്ങര ബസ്റ്റാന്റിലായിരുന്നു കെഎന്‍എ ഖാദറിന്റെ ഗോള്‍.