Top Stories
വന പാലകാരുടെ ഒരു ഗതികേട്
December 01, 2016

01-Dec-2016

നിലമ്പൂര്‍: നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലായി കുറഞ്ഞത് 740 വനപാലകരുടെയെങ്കിലും ആവശ്യമുള്ള സ്ഥാനത്ത് ഇപ്പോഴുള്ളത് 270 പേര്‍ മാത്രം. രണ്ട് ഡിഎഫ്ഒമാര്‍, ഒരു എസിഎഫ്, അഞ്ച് റെയ്ഞ്ച് ഓഫീസര്‍മാര്‍, 11 ഡെപ്യൂട്ടി റെയ്ഞ്ചര്‍മാര്‍, 54 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ബാക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും പിഎസ്‌സി വാച്ചര്‍മാരുമാണുളളത്. പിഎസ്‌സിയിലൂടെ വനം വകുപ്പില്‍ ജോലി ലഭിച്ച നൂറിലേറെ പേരാണ് സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ മറ്റ് വകുപ്പുകളിലേക്ക് ചുവട് മാറിയത്. പിജിയും എല്‍എല്‍ബിയും ഉള്‍പ്പെടെ ഉയര്‍ന്ന ബിരുദം നേടിയവരാണ് ഇവരില്‍ പലരും. ഫോഴ്‌സ് എന്ന നിലയില്‍ സമയക്രമമില്ലാതെ രാവും പകലുമാണ് ഇവരുടെ ജോലി. എന്നാല്‍ വിവരാവകാശപ്രകാരം ഇവര്‍ക്ക് ലഭിച്ച മറുപടിയില്‍ അവശ്യസര്‍വീസ് വിഭാഗത്തിലാണ് വനംവകുപ്പ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹീം ഇതുമായി ബന്ധപ്പെട്ട നിയമസഭയല്‍ ഉന്നയിച്ച സബ്മിഷന് വനം മന്ത്രി കെ രാജു നല്‍കിയ മറുപടിയില്‍ അവശ്യസര്‍വീസിലാണ് വനം വകുപ്പ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ അവശ്യസര്‍വീസുകാരുടെ പട്ടികയില്‍ വനംവകുപ്പ് ജീവനക്കാരെ കാണാനുമില്ല. വെട്ടുകത്തിയും കുറുവടിയുമായി മാവോയിസ്റ്റുകളെ നേരിടേണ്ട അവസ്ഥയിലാണ് വനപാലകര്‍. വയനാട് മേപ്പാടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ കാല്‍നടയായി നടന്നാല്‍ പോത്ത്കല്ല് വനമേഖലയിലെ വാണിയംപുഴ സ്റ്റേഷന്‍ പരിധിയിലെത്തും. ഇവിടെ ഒരു സുരക്ഷയുമില്ലാതെ കാവല്‍ കിടക്കാനാണ് ഉന്നത വനപാലകരുടെ നിര്‍ദ്ദേശം. കഴിഞ്ഞ ആറുവര്‍ഷമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത വാണിയംപുഴയില്‍ രാത്രികാല കാവലിന് തയ്യാറല്ലെന്ന നിലപാടിലാണ് ജീവനക്കാരുടെ സംഘടന.

Share this post: