Top Stories
വളാഞ്ചേരി ചോറ്റൂർ കൊലപാതകം; യുവതിയുടെ മൃതദേഹം കബറടക്കി
April 27, 2021

27/04/2021
വളാഞ്ചേരി:കഞ്ഞിപ്പുര ചോറ്റൂർ ചുള്ളിച്ചോലയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന്റെ (21) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ചോറ്റൂർ ജുമാമസ്ജിദിൽ കബറടക്കി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫൊറൻസിക് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനുമായി എത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് ബന്ധുക്കൾക്കു വിട്ടുനൽകിയത്.

സുബീറയുടെ വീട്ടുമുറ്റത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന മയ്യിത്ത് നമസ്കാരത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു. കബറടക്ക സമയത്തും പള്ളി പരിസരത്ത് നാട്ടുകാരും ബന്ധുജനങ്ങളും നിറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ച് 10നു വീട്ടിൽനിന്നു ജോലിസ്ഥലത്തേക്കുള്ള യാത്രയിലാണ് സുബീറ ഫർഹത്തിനെ കാണാതാവുന്നത്.

40 ദിവസങ്ങൾക്കുശേഷം വീടിനു 200 മീറ്റർ മാറി ചെങ്കൽക്വാറിക്കു സമീപം പറമ്പിൽ കുഴിച്ചിട്ട നിലയിൽ സുബീറയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോറ്റൂർ വരിക്കോടൻ മുഹമ്മദ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 21നു പുറത്തെടുത്ത സുബീറയുടെ മൃതദേഹം വിശദമായ ഫൊറൻസിക് പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.

Share this post: