Top Stories
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പണമിടപാടില്‍ പരിശീലനം നല്‍കി
December 21, 2016

digital-payment-malappuram21-Dec-2016
മലപ്പുറം : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സ്‌കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍, ഉച്ചക്കഞ്ഞി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക്‌ ഡിജിറ്റല്‍ പണമിടപാട്‌ മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കി. നാല്‌ വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്‌ പരിശീലനം നടത്തിയത്‌. സിവില്‍ സ്റ്റേഷനിലെ ഐ.ടി. സ്‌കൂള്‍ ഹാളില്‍ നടന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലാതല പരിശീലനം വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ പി. സഫറുള്ള ഉദ്‌ഘാടനം ചെയ്‌തു. അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ്‌ പുല്‍പ്പാടന്‍ ക്ലാസെടുത്തു. മലപ്പുറം, തിരൂര്‍, വണ്ടൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ യഥാക്രമം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എം.കെ. ഗോപി, സിസി ആന്റണി, എം.പി. ശ്യാമള, വി. അഹമ്മദ്‌കുട്ടി എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പരിശീലനം നേടിയ ഐ.ടി. കോഡിനേറ്റര്‍മാര്‍ നാളെ (ഡിസംബര്‍ 22) എല്ലാ സ്‌കൂളുകളിലും മറ്റ്‌ അധ്യാപകര്‍ക്ക്‌ ഡിജിറ്റല്‍ പണമിടപാടില്‍ പരിശീലനം നല്‍കുമെന്ന്‌ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ പി. സഫറുള്ള അറിയിച്ചു. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഡിജിറ്റല്‍ പെയ്‌മെന്റില്‍ പ്രായോഗിക പരിശീനം നല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

Share this post: