Top Stories
ഷാദ് ഫര്‍ഹാന് ജില്ലാ കലക്ടറുടെ വിജയാശംസകള്‍
October 18, 2016

17-Oct-2016
മലപ്പുറം : രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന ദേശീയ സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന മക്കരപറമ്പിലെ ഷാദ് ഫര്‍ഹാന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ വിജയാശംസകള്‍ നേര്‍ന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാര്‍’ നൊപ്പമാണ് ഷാദ്ഫര്‍ഹാന്‍ ജില്ലാ കലക്ടറെ കാണാനെത്തിയത്. കോട്ടക്കല്‍ മനോവികാസിലെ വിദ്യാര്‍ഥിയാണ് ഷാദ് ഫര്‍ഹാന്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെങ്കിലും പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് കാണിക്കുന്നതായി ഉമ്മ ഫൗസിയ സാക്ഷ്യപെടുത്തുന്നു. ഈ മിടുക്ക് കണ്ടറിഞ്ഞാണ് പെരുമ്പള്ളി വീട്ടിലെ ഉസ്മാന്‍ – ഫൗസിയ ദമ്പതികള്‍ ഷാദ് ഫര്‍ഹാന്റെ കഴിവ് കായിക മേഖലയിലേക്ക് വഴിതിരിച്ചു വിട്ടത്. കായിക മത്‌സരങ്ങളില്‍ മികവ് കാണിക്കുന്ന ഷാദ് ഫര്‍ഹാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മീറ്റില്‍ 50, 25 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. തുടര്‍ന്നാണ് ഒക്‌ടോബര്‍ 21 മുതല്‍ 26 വരെ ജയ്പൂരില്‍ നടക്കുന്ന ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയത്. സ്‌പെഷ്യല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ഷാദ് ഫര്‍ഹാന്‍ ഇന്ന് (ഒക്‌ടോബര്‍ 18) യാത്ര തിരിക്കും. സ്‌പെഷ്യല്‍ ഒളിമ്പിക് ഭാരത് ആണ് ഇവരുടെ യാത്രാ ചിലവുകള്‍ വഹിക്കുന്നത്. ദേശീയ മീറ്റില്‍ വിജയി ആയാല്‍ അമേരിക്കയിലെ ലോസ്ഏഞ്ചല്‍സില്‍ 2019 ല്‍ നടക്കുന്ന ലോക അത്‌ലറ്റ്‌സ് മീറ്റില്‍ ഷാദ് ഫര്‍ഹാന് പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കുടുംബം പങ്കുവക്കുന്നു. മിടുക്കനായ കുട്ടിക്ക് എല്ലാ വിജയാശംസകളും നേര്‍ന്ന ജില്ലാ കലക്ടര്‍ പഠനത്തിലും മികവ് പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഫര്‍ഹാനോടപ്പം വന്ന ‘പരിവാര്‍’ ഭാരവാഹികള്‍ മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. ഇത് സംബന്ധിച്ച നിവേദനവും ജില്ലാ കലക്ടര്‍ക്ക് നല്‍കി. ‘പരിവാര്‍’ ജില്ലാ പ്രസിഡന്റ് തോമസ് പി.ഡി., കോഡിനേറ്റര്‍ ജാഫര്‍ ഊര്‍ങ്ങാട്ടിരി, ട്രഷറര്‍ പി.എ.കരിം എന്നിവര്‍ സന്നിഹിതരായിരുന്നു.

Share this post: