മലപ്പുറം: നിലമ്പൂരിന്റെ സാമ്പത്തിക, ടൂറിസം മേഖലകളിലെ മുന്നേറ്റത്തിന് റെയില്‍വേ അനുഭാവ പൂര്‍ണ്ണമായ നടപടികള്‍ സ്വീകരിക്കണമെന്ന് പി.വി അബ്ദുല്‍വഹാബ് എം.പി ആവശ്യപ്പെട്ടു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാഹൂല്‍ ജെയിന് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് നിലമ്പൂരിന്റെ മുന്നേറ്റത്തിനുതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടത്. മലപ്പുറം പാലക്കാട് ജില്ലകള്‍ ഉള്‍കൊള്ളുന്ന നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയിലെ വിവിധ പ്രശ്നങ്ങളാണ് എം.പി യോഗത്തില്‍ ഉന്നയിച്ചത്. ജനസാന്ദ്രതയേറിയ ഈ പാതയില്‍ 2011ന് ശേഷം പുതിയ ട്രെയിനോ കാര്യമായ വികസനപ്രവര്‍ത്തനങ്ങളോ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ സെക്ഷന്‍ തന്നെ അടച്ചിട്ടിരിക്കുകയാണ്. ഇത് കാരണമായി നിരവധി യാത്രക്കാര്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. രാത്രി സമയങ്ങളില്‍ ട്രെയിനുകളില്ലാത്തതിനാല്‍ പ്രളയകാലത്ത് നിരവധി പേരാണ് പ്രയാസം നേരിട്ടത്. കൂടാതെ നിലമ്പൂരിലെ ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഫൂട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
കൊച്ചുവേളി നിലമ്പൂര്‍ എക്സ്പ്രസ് നിലവില്‍ രാവിലെ മുതല്‍ രാത്രി 8.45 വരെ നിലമ്പൂരില്‍ വെറുതെയിടുകയാണ് ചെയ്യുന്നത്. ഈ ട്രെയിന്‍ ഉപയോഗിച്ച് നിലമ്പൂരില്‍ നിന്നും എറണാംകുളം വരെ ഒരു ഡേ എക്സ്പ്രസ്സ് ഓടുകയാണെങ്കില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകുന്നവര്‍ക്ക് വലിയ സഹായമാകുമെന്നും റെയില്‍ വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യറാണി എക്സ്പ്രസ്സ് കൊച്ചുവേളി വരെയാണ് ഇപ്പോള്‍ പോകുന്നത്. ഇത് തിരുവനന്തപുരം സെന്‍ട്രല്‍ വരെ നീട്ടിയാല്‍ ആര്.സി.സിയിലേക്കും മറ്റും പോകുന്ന രോഗികള്‍ക്ക് വലിയ സഹായമാവും. തിരുവനന്തപുരത്ത് അസൗകര്യമുണ്ടെങ്കില്‍ നാഗര്‍കോവില്‍ വരെയോ പുതുതായി നിര്‍മിക്കുന്ന നേമം ടെര്‍മിനല്‍ വരെയോ നീട്ടണം. നിലമ്പൂരിന്റെ ടൂറിസത്തിന് വലിയ ഉപകാരമാകുന്ന രീതിയില്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ വിസ്റ്റാ ഡോം ടൂറിസ്റ്റ് കോച്ച് എത്രയും പെട്ടെന്ന് നടപ്പാക്കണം. വാണിയമ്പലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട് സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമുകള് വിപുലീകരണിക്കാനും നവീകരിക്കാനും നടപടി സ്വീകരിക്കണമെന്നും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.
തിരുച്ചി പാലക്കാട് തിരുച്ചി ഫാസ്റ്റ് പാസഞ്ചര്‍ നിലമ്പൂരിലേക്കു കൂടി നീട്ടണമെന്നും യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ചെക്കിങ് യൂണിറ്റ് സ്ഥാപിക്കണം. ജനങ്ങളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.