Exclusive News
സുപ്പര്‍ സ്റ്റാറുകളോട്… നിങ്ങളില്‍ നിന്നല്‍പം ഉളുപ്പ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌

14/09/2017

ഗോള്‍ഡണ്‍ ഗ്ലോബ്‌ പുരസ്കാരവേദിയില്‍ തനിക്ക്‌ കിട്ടിയ അവാര്‍ഡ്‌ വാങ്ങി, സമ്മാനിച്ചവളെ ചുംബിച്ച്‌ വികാരനിര്‍ഭരം ചിലരോട്‌ നന്ദി പറഞ്ഞ ശേഷം മെറിന്‍ സ്ട്രീപ്‌ അതിസുന്ദരമായി സംസാരിച്ചത്‌ വംശീയവെറിക്കും തീവ്രദേശീയതക്കും എതിരെയാണ്. നിറഞ്ഞ കണ്ണുകളോടെയെങ്കിലും ഉറച്ച വാക്കുകളില്‍ യു എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രമ്പിനെ നിശിതമായി വിമര്‍ശിച്ച്‌ അവര്‍ വേദി വിട്ടിറങ്ങുമ്പോള്‍ നിലക്കാത്ത കരഘോഷം അവര്‍ക്ക്‌ അകമ്പടിയായി ഉണ്ടായിരുന്നു. തൊട്ട്‌ മുന്‍പ്‌ അതേവേദിയില്‍ ഹുഗ്‌ ലോറി ട്രമ്പിനെതിരായി പറഞ്ഞത്‌, ചിത്തഭ്രമം ബാധിച്ച ശതകോടീശ്വരന്മാക്കായി താന്‍ ഈ അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നുവെന്നും. ഏറെ കാത്തിരുന്ന, അഞ്ച്‌ തവണ കപ്പിനും ചുണ്ടുനുമിടയില്‍ നഷ്ടമായ ഓസ്കാര്‍ ഏറ്റുവാങ്ങി ഡി കാപ്രിയോ സംസാരിച്ച്‌ തുടങ്ങിയത്‌ ഗ്ലോബല്‍ വാമിംഗിനെക്കുറിച്ചും, അവസാനിപ്പിച്ചത്‌ കോര്‍പ്പറേറ്റുകള്‍ക്കായി, പണച്ചാക്കുകള്‍ക്കായി സംസാരിക്കുന്നവരെയല്ല, അണ്ടര്‍-പ്രിവിലേജഡായ, ദുരന്തങ്ങള്‍ ആദ്യം ബാധിക്കുന്നവര്‍ക്കായി സംസാരിക്കുന്ന നേതാക്കളെ തിരഞ്ഞെടുക്കുന്നതിനെ പറ്റിയുമായിരുന്നു.

ഇവരിലാരും ഭരണകൂടത്തിന്റെ, അതിന്റെ നയങ്ങളുടെ ഇരയായി നില്‍ക്കുമ്പോഴോ, കൂട്ടത്തിലൊരാളെ യു എസ്‌ വിട്ട്‌ പോകാന്‍ ട്രമ്പോ അയാളുടെ അനുയായികളോ ആക്രോശിക്കുമ്പോഴോ ഏതെങ്കിലും ചാനല്‍ റിപ്പോര്‍ട്ടര്‍ അഭിപ്രായം ചോദിച്ചതിനു മറുപടിയായല്ല അതൊന്നും പറഞ്ഞത്‌. ജീവിതത്തിലൊരിക്കല്‍ മാത്രം സംഭവിക്കാവുന്ന ഏറ്റവും സുന്ദരമായ നിമിഷത്തില്‍, താന്‍ ഇനി പറയുന്നത്‌ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണെന്നറിവോടെ തന്നെയാണവര്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയം ഏറ്റവും ശക്തമായി പറഞ്ഞ്‌ വച്ചത്‌.

നാടിന്റെ സഹിഷ്ണുതയില്‍ മാറ്റമുണ്ടെന്ന് പറഞ്ഞ ആമിര്‍ ഖാനും മീഡിയ പ്രൊപ്പഗണ്ടിസ്റ്റിന്റെ മുഖത്ത്‌ നോക്കി ‘അയാം ഗ്വില്‍റ്റി, ഹാംഗ്‌ മീ അര്‍ണബ്‌’ എന്നാക്രോശിച്ച ഓം പുരിയും രാജ്യം വിട്ട്‌ പാലായനം നടത്തുന്നതിനിടയിലല്ല അതൊന്നും ചെയ്തത്‌. കോടികള്‍ പ്രതിഫലം ലഭിക്കേണ്ട ഫെയര്‍നസ്‌ ക്രീം പരസ്യത്തില്‍ നിന്ന് മനുഷ്യരെ അന്തര്‍മുഖരാക്കുന്ന ഈ പണിക്ക്‌ താനില്ലെന്ന് പറഞ്ഞ പിന്മാറിയ, ഇരുവട്ടം ദേശീയ അവാര്‍ഡ്‌ വിന്നറായ, നെപ്പോട്ടിസത്തേയും പാട്രിയാര്‍ക്കിയേയും കാര്‍ക്കിച്ചു തുപ്പി, ബോളിവുഡില്‍ വിപ്ലവം നടത്തുന്ന കങ്കണയുടെ മൂലധനം, അവര്‍ തിരിച്ചറിയുന്ന രാഷ്ട്രീയം തുറന്ന് പറയാനുള്ള ധൈര്യം മാത്രമാണ്.

സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപനം വന്ന് 5 മിനട്ട്‌ ബൈറ്റില്‍ വിനായകന്‍ പറഞ്ഞത്‌ അയാള്‍ക്കവാര്‍ഡ്‌ നേടിക്കൊടുത്ത സിനിമയോളം, അല്ലെങ്കില്‍ അതിനപ്പുറം തീവ്രതയുള്ള കീഴാളരാഷ്ട്രീയമായിരുന്നു. വികസനത്തിന്റെ പാലത്തിനടിയില്‍ പുറമ്പോക്കാവുന്ന ജീവിതങ്ങളെപറ്റിയായിരുന്നു. തിന്ന് എല്ലിന്റെ ഇടയില്‍ കുത്തിക്കയറിയിട്ടല്ല സംഘപരിവാറിനു ശക്തമായ സ്വാധീനമുള്ള ഒരിടത്ത്‌ അര്‍ദ്ധനഗ്നനായി തെരുവില്‍ ഏകാംഗാഭിനയം നടത്തി, അലമുറയിട്ട്‌ അലന്‍സിയര്‍ ശബ്ദമുണ്ടാക്കിയത്‌. ഇന്‍ഡസ്ട്രിയിലെ ഏറ്റവും പവര്‍ഫുള്‍ ആയ ഒരുത്തന്റെ വൈരാഗ്യബുദ്ധിയില്‍ ആക്രമിക്കപ്പെട്ട നടി അതിജീവനം നടത്തുമ്പോല്‍, ക്രൗഡ്പുള്ളേര്‍സും ഫാന്‍ ബേസുമുള്ള മറ്റു ‘നടന്മാര്‍’ ജയിലിലായ കുറ്റാരോപിതനു നിരുപാധികപിന്തുണ നല്‍കുമ്പോള്‍, സംസ്ഥാന അവാര്‍ഡ്‌ വേദിയില്‍ ‘അവള്‍ക്കൊപ്പം’ എന്ന ബാനര്‍ റിമ കല്ലിങ്കല്‍ ഉയര്‍ത്തിക്കാണിച്ചത്‌, ആഷിഖ്‌ അബു അവര്‍ക്കായി സംസാരിക്കുന്നത്‌ ഇനി അവരുടെ വഴികള്‍ കൂടുതല്‍ ദുഷ്കരമാകുമെന്ന് അറിഞ്ഞുകൊണ്ട്‌ തന്നെയാവണം. ചുവന്ന ബാനറില്‍ വെള്ളയക്ഷരം കൊണ്ടെഴുതിയ നിലപാടുയര്‍ത്തിപ്പിടിച്ച്‌ റിമ നടത്തിയ രാഷ്ട്രീയപ്രഖ്യാപനത്തോളം ഉശിരുള്ള നിലപാട്‌ ഇനിയാരുകാണിക്കാനാണ്.

അല്‍ഭുതമൊന്നും ഇല്ല. മുകളില്‍ പറഞ്ഞ പേരുകല്‍ എല്ലാം കലാകാരന്മാരുടേതാണ്. കലാകാരന്മാര്‍ കല കൊണ്ട്‌ കാലത്തോട്‌ കലഹിക്കുന്നവരായിരിക്കണം. കുറഞ്ഞത്‌ അന്നാട്ടില്‍ തനിക്ക്‌ ചുറ്റും നടക്കുന്ന, സഹജീവികളെ ബാധിക്കുന്ന പ്രശങ്ങളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണം. അഭിപ്രായം തുറന്ന് പറയാന്‍, ശബ്ദിക്കാന്‍ ആര്‍ജവമുള്ളവരായിരിക്കണം. അവര്‍ അത്‌ മാത്രമേ ചെയ്തിട്ടുള്ളൂ. വിട്ട്‌ പോയ പേരുകളുണ്ട്‌. എങ്ങനായാലും മുകളില്‍ പറഞ്ഞവരെ ഒറ്റവാക്കില്‍ കലാകാരന്മാര്‍ എന്ന കളത്തില്‍ നിര്‍ത്താം.

ദൈവം ഇന്നാട്ടില്‍ കൊറേ സിനിമാക്കാരെ ഇറക്കിതന്നിട്ടുണ്ട്‌. ആല്‍ഫാ മെയിന്‍ റോളുകളില്‍ ആറാടി, നായികേടെ കുത്തിനു പിടിച്ച്‌ അവളുടെ പ്രേമവും ദേഹവും ജയിച്ച്‌, നാട്ടുകാരേം രക്ഷിച്ച്‌ കയ്യടി വാങ്ങുന്ന സൂപ്പര്‍സ്റ്റാറുകളും ജനപ്രിയന്മാരും.

കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു സിനിമാസംവിധായകനെ സംഘപരിവാര്‍ ആക്രമിച്ചപ്പോ, പാകിസ്ഥാനിലേക്ക്‌ അയക്കാള്‍ ഒരുക്കം നടത്തുമ്പോ മനോരമയുടെ ന്യൂസ്മേക്കര്‍ ഹോട്ട്‌ സീറ്റിലിരുന്ന് ‘ചിലരുടെ ജീവിതത്തില്‍ ചിലത്‌ സംഭവിക്കണമെന്നുണ്ട്‌. അതങ്ങ്‌ സംഭവിച്ചെന്ന് കരുതിയാല്‍ മതി’ എന്ന് ഉളുപ്പില്ലാതെ മീശപിരിച്ചുകൊണ്ട്‌ പറയുന്ന, കൂടെ വര്‍ക്ക്‌ ചെയ്ത നടിയെ പീഢിപ്പിച്ച സഹപ്രവര്‍ത്തകനെ അറസ്റ്റ്‌ ചെയ്ത ദിവസം പത്രക്കാരുടെ മുന്നിലിരുന്ന് പടം വരച്ചിരുന്ന ഒരു മുരുകനുണ്ട്‌.

അതേ വേദിയില്‍ ഉറക്കം നടിച്ചിരുന്ന, കൊള്ളാവുന്ന ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റിന്നുവരെ ഉരിയാടാത്ത, മൂന്ന് വട്ടം നാഷണല്‍ അവാര്‍ഡ്‌ വാങ്ങിയ, സല്‍ഗുണസമ്പന്നനായ, ധീരനായ ഒരു മമ്മൂക്കയുണ്ട്‌.

ദിലീപിനെപ്പോലൊരു കറനിറഞ്ഞ ക്രിമിനലിനെ ജയിലില്‍ പോയി കാണുന്ന ഒരു ജയറാം, സ്വന്തം മകന്‍ മരിച്ചിട്ട്‌ കരയാതെ ദിലീപിനെ ജയിലില്‍ കണ്ട്‌ കരഞ്ഞെന്ന് അഭിമാനത്തോടെ വെളിപ്പെടുത്തുന്ന സംവിധായകന്‍ ജോഷി, ചക്ക തിന്നാല്‍ എയ്ഡ്സ്‌ മാറുമെന്നും ദിലീപ്‌ അതിനാല്‍ നിരപരാധിയാണെന്നും പറയുന്ന തലക്ക്‌ വെളിവില്ലാത്ത ഒരു ശ്രീനിവാസന്‍, നടിയെ നുണപരിശോധനക്ക്‌ വിധേയയാക്കണം എന്ന് വരെ പറയുന്ന അനേകം വരുന്ന മറ്റു വാലുകള്‍,
എന്റെ മൗനത്തിനര്‍ത്ഥമുണ്ടെന്ന് പറഞ്ഞ്‌ കൈ കഴുകിയ ജോയ്‌ മാത്യു, നിന്നെ എനിക്കറിയാടാ എന്ന് മൊഴിഞ്ഞ ലാല്‍ജോസ്‌, ഇടതുപക്ഷത്തിന്റെ ലേബലില്‍ എം പിയും എം എല്‍ എയുമായി ഇടതേതാ വലതേതാണെന്നറിയാതെ വായിട്ടലക്കുന്നവരെ തുടങ്ങി നടന്മാരെന്ന് മാത്രം വിളിക്കാന്‍ കഴിയാവുന്ന കുറേ പേര്‍.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പ്രകാശ്‌ രാജും പിന്നീട്‌ എന്റെ നാടിങ്ങനെയായിരുന്നില്ല എന്ന് ലോകം കണ്ട ഏറ്റവും മികച്ച സംഗീതജ്ഞരിലൊരാളായ എ ആര്‍ റഹ്മാനും പ്രതികരിച്ചത്‌ കഴിഞ്ഞ ആഴ്ചയാണ്. എ ആര്‍ റഹ്മാന്റെ പേരു ബാധ്യതയാകുന്നതുകൊണ്ട്‌ തന്നെ, അയാളോട്‌ രാജ്യം വിട്ട്‌ പോകാന്‍ ആഹ്വാനങ്ങള്‍ അന്തരീക്ഷത്തിലുണ്ട്‌. ഇന്നാട്ടിലെ എത്ര നിഷ്പക്ഷര്‍ അതൊന്നും ശ്രദ്ധിച്ചെന്നറിയില്ല. ലോകം മുഴുവന്‍ അറിയുന്ന ഒരു കലാകാരന്‍ സ്വന്തം അഭിപ്രായം പറഞ്ഞതിനു രാജ്യം വിട്ട്‌ പോകാനുള്ള അലര്‍ച്ചക്കെതിരെ ഇന്നാട്ടിലെ, മേല്‍പ്പറഞ്ഞ ഒരു സൂപ്പര്‍സ്റ്റാറുകളും ഒരു വാക്ക്‌ പ്രതികരിച്ച്‌ കണ്ടില്ല.

പ്രതികരിക്കില്ല. ഒരു കരിയറില്‍ നേടാവുന്നതിന്റെ പരമാവധി നേടിയാലും അതിന്റെ ഉന്നതിയിലെത്തിയാലും അനീതിക്കെതിരെ, ശരികേടിനെതിരെ വാ തുറക്കാന്‍ തക്ക തന്റേടമൊന്നും ഇന്നാട്ടിലെ താരങ്ങള്‍ക്കില്ല.

സ്വന്തം കൂട്ടത്തിലൊരാളെ ഭരണകൂടമോ അതിന്റെ പിണിയാളുകളൊ വേട്ടയാടിയാല്‍ വിധിയെന്നോര്‍ത്ത്‌ സമാധാനിക്കാനല്ലാതെ, ഒരു തോളല്‍പ്പം ചരിച്ച്‌ അതിങ്ങനെയാകുമ്പോള്‍ ഇതങ്ങനെയാവണമല്ലോ എന്ന് വാലും തലയുമില്ലാതെ പറഞ്ഞ്‌ വേട്ടയാടുന്നവരെ പിണക്കാതെ നില്‍ക്കാനല്ലാതെ, തിരിഞ്ഞ്‌ നിന്ന് ഒരു വാക്കുരിയാടാനുള്ള ‘ആണത്തം’ ഒന്നും ഈ വങ്കന്മാര്‍ക്കില്ല.

സെന്‍സര്‍ ബോര്‍ഡുകളുടെ ആര്‍ഷഭാരതസംസ്കാരം സിനിമയില്‍ കത്രിക വക്കാന്‍ തുടങ്ങീട്ട്‌ നാളുകളായി. എതിര്‍ത്ത്‌ പറയാനുള്ള പാങ്ങില്ലവര്‍ക്ക്‌.

മരിച്ച്‌ സൂപ്പര്‍ സ്റ്റാര്‍ കട്ടിലൊഴിയും വരെ, അല്ലെങ്കില്‍ സ്മൃതികോശങ്ങള്‍ നശിച്ച്‌ സ്ഥിരബുദ്ധിയില്ലാതാകും വരെ അവരോട്‌ ‘ആ മീശയൊന്ന് പിരിക്കാമോയെന്നോ’ അല്ലെങ്കില്‍
‘ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്നോ’ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചോദിക്കാം. പിന്നാലെ വരുന്നവരോട്‌, ഏട്ടനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചോ, ഇക്കായോട്‌ തോന്നിയ ഭയഭക്തി ബഹുമാനത്തെക്കുറിച്ചോ ചോദിക്കാം. അതിനപ്പുറം ഒന്നും അവരോട്‌ ചോദിക്കരുത്‌.

രാഷ്ട്രീയമില്ലാതെ കലയോ രാഷ്ട്രീയബോധമില്ലാതെ കലാകാരനോ ഉണ്ടാവില്ല. നിര്‍ഭാഗ്യവശാല്‍ സര്‍വകലകളുടേയും സംഗമമായ ഇന്നാട്ടിലെ സിനിമകളോളം അധഃപതിച്ച രാഷ്ട്രീയം മറ്റൊരു കലയും ജനങ്ങളിലേക്ക്‌ കുത്തിവച്ചിട്ടില്ല, പ്രതിലോമ രാഷ്ട്രീയമല്ലാതെ മറ്റൊന്നും അതിലെ നായകര്‍ പറഞ്ഞിട്ടില്ല, സ്ത്രീവിരുദ്ധതയല്ലാതെ ആഘോഷിച്ചിട്ടില്ല, കീഴാളരെ ചേര്‍ത്തുനിര്‍ത്തിയിട്ടില്ല, സമത്വമെന്ന ഒന്ന് കേട്ടിട്ടുപോലുമില്ല.

ഈ കെട്ടകാലത്തും ബോക്സോഫീസ്‌ കളക്ഷനും സ്വകാര്യചാനല്‍ അവാര്‍ഡ്‌ നിശകളിലെ പുറം ചൊറിയലുകളിലും അഭിരമിക്കുന്ന അവര്‍ക്ക്‌ ഒരു നടനെന്നതിലുപരി, ഒരു സിനിമാക്കരര്‍ എന്നതിലുപരി ഒരു കലാകാരന്‍ എന്ന ലേബല്‍ പരിഹാസമാകുന്നത്‌ അതുകൊണ്ടാണ്.

രാജ്യത്ത്‌ ഭരണഘടനയെ വരെ തിരുത്തിയെഴുതുന്ന ശക്തികളെ പ്രതിരോധിക്കുന്ന,
ആ ഭരണകൂടത്തിനെതിരെ പ്രതിപക്ഷമായ വര്‍ത്തിക്കുന്ന ഈ സംസ്ഥാനത്തിന്,
എത്രയൊക്കെ സ്വയം വിമര്‍ശനം നടത്തിയാലും പ്രതീക്ഷയുടെ കൊച്ചു തുരുത്തായ കേരളത്തിന്,
രാഷ്ട്രീയബോധ്യങ്ങര്‍ ആദ്യം തിരിച്ചറിയുന്ന മലയാളികര്‍ക്ക്‌ മേല്‍പ്പറഞ്ഞയാ സൂപ്പര്‍ സ്റ്റാറുകള്‍ അലങ്കാരമല്ല എന്നുള്ളത്‌ ഉറപ്പാണ്.

സ്വന്തം കഥാപാത്രങ്ങള്‍ പരീക്ഷിച്ച്‌ വിജയിച്ച ശരീരത്തെ കീഴ്പ്പെടുത്തി പെണ്ണിനെ ജയിക്കുന്ന തന്ത്രങ്ങള്‍ ഉറച്ച്‌ പോയ മനസുകള്‍ക്ക്‌ ഒരിക്കലും അവര്‍ക്കൊപ്പം എന്ന് പറയാനുള്ള കരുത്തുണ്ടാവില്ല. ‘വെറും’ പെണ്ണായവളെ ആ പാഠം പഠിപ്പിക്കാന്‍ ശ്രമിച്ച്‌ തോറ്റമ്പിയ കൂട്ടുകാരനൊപ്പമല്ലാതെ സൂപ്പര്‍ സ്റ്റാറുകള്‍ക്കും ജനപ്രിയന്മാര്‍ക്കും നില്‍ക്കാനുമാവില്ല. അതുമറിയാം.

പക്ഷേ, നഷ്ടങ്ങളൊരുപാട്‌ മുന്നില്‍ കാണ്ടിട്ടും അവള്‍ക്കൊപ്പം എന്നുറക്കെ പറയാന്‍ ആര്‍ജവം കാണിച്ചവരെ ഞങ്ങള്‍ അഭിനന്ദിക്കുന്നുണ്ട്‌, ആഘോഷിക്കുന്നുണ്ട്‌.
ഒറ്റയിട്ടതെങ്കിലും തെളിമയുള്ള ആ ശബ്ദങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുണ്ട്‌.

എങ്ങനെ ആയാലും താരരാജാക്കന്മാരേ,
തീര്‍ച്ചയായും ഈ കാലഘട്ടം, ഈ നാട്‌, ഈ ജനത നിലപാടുള്ളവരെ ആഗ്രഹിക്കുന്നുണ്ട്‌. നിങ്ങളില്‍ നിന്ന് കുറച്ചെങ്കിലും ഉളുപ്പ്‌ ആവശ്യപ്പെടുന്നുണ്ട്‌,
ഉറപ്പായും നിങ്ങളേക്കാള്‍ കൊള്ളാവുന്നവരെ അവര്‍ അര്‍ഹിക്കുന്നുണ്ട്‌

Share this post: