Top Stories
ഹരിതകേരളം മിഷന്‍ ഉദ്ഘാടനം : സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം
December 06, 2016

06-Dec-2016

തിരുവനന്തപുരം : ഡിസംബര്‍ എട്ടിനു നടക്കുന്ന ഹരിതകേരളം മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ തദ്ദേശ ഭരണ വാര്‍ഡുകളിലും എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു വികസനപ്രവര്‍ത്തനമെങ്കിലും സംഘടിപ്പിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിപ്പിച്ചു. ഓഫീസും പരിസര പ്രദേശങ്ങളും വൃത്തിയാക്കുക, ഫയലുകളും ഓഫീസ് റെക്കോര്‍ഡുകളും ചിട്ടയായി സൂക്ഷിക്കുക തുടങ്ങി ഓഫീസിന്റെ ഉള്‍വശം കൂടുതല്‍ ജന സൗഹൃദമാക്കാനുള്ള നടപടികളാണ് ജീവനക്കാര്‍ ഏറ്റെടുക്കേണ്ടത്. ഹരിതകേരളം മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പരിപാടികളില്‍ നേരിട്ടു പങ്കെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരാണ് ഓഫീസുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത്. പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനു പുറമേയാണ് അവരവരുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. സെക്രട്ടേറിയറ്റ്, ജില്ലാ കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ട് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Share this post: