Top Stories
20 വര്‍ഷമായി ബദല്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്യുന്നവരും ബദല്‍ സ്‌കൂളിലെ ഹെല്‍പ്പര്‍മാരും ജോലി സ്ഥിരതയില്ലാതെ വിഷമവൃത്തത്തി
May 30, 2017

30-May-2017

നിലമ്പൂര്‍: 20 വര്‍ഷമായി ബദല്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്യുന്നവരും ബദല്‍ സ്‌കൂളിലെ ഹെല്‍പ്പര്‍മാരും ജോലി സ്ഥിരതയില്ലാതെ വിഷമവൃത്തത്തില്‍. 1997ല്‍ ആദിവാസി മേഖലകളിലും തീരദേശ മേഖലകളിലുമുള്ള കുട്ടികള്‍ക്ക് അവരുടെ കോളനികളില്‍ തന്നെ വിദ്യാഭ്യാസമൊരുക്കുന്നതിനാണ് 20 വര്‍ഷം മുന്‍പ് ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്.
ആദ്യം ഇതിനെ ഭിന്നതല പഠനകേന്ദ്രം എന്നാണ് പേര് നല്‍കിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ബദല്‍ സ്‌കൂളെന്ന് നാമകരണം ചെയ്യുകയായിരുന്നു. തുടക്കത്തില്‍ പ്രതിമാസം 1,000 രൂപ വേതനത്തിലാണ് അധ്യാപകര്‍ നല്‍കിയിരുന്നത്. പിന്നീട് അത് 2,000 ആയും 3,000 ആയും ഉയര്‍ത്തി. പത്ത് വര്‍ഷം സ്ഥിരമായി ജോലി ചെയ്താല്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കിയിരുന്നതിനാലാണ് തുച്ഛമായ വേതനത്തിന് ജോലി ചെയ്യാന്‍ തയ്യാറായി ഇവര്‍ വന്നത്. സംസ്ഥാനത്ത് നിലവില്‍ 250ഓളം അധ്യാപകരാണുള്ളത്. മലപ്പുറം ജില്ലയില്‍ 79 അധ്യാപകരാണ് നിലവില്‍. അടുത്ത കാലത്താണ് ശമ്പളത്തില്‍ കാര്യമായ മാറ്റമുണ്ടായത്. 5,000 വും 10,000 മാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ പലരും റിട്ടയര്‍മെന്റ് പ്രായത്തിനടുത്തെത്തി നില്‍ക്കുകയാണ്. ഇതിനാല്‍ ലാസ്റ്റ് ഗ്രേഡിലെങ്കിലും ഉള്‍പ്പെടുത്തി തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാനാവശ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്‍പ്പെടെ പത്ത് വര്‍ഷം ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുമ്പോഴാണ് കാടും മലയും കയറി കഴിഞ്ഞ 20 വര്‍ഷമായി കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരോട് വിദ്യാഭ്യാസ വകുപ്പ് കടുത്ത അവഗണന തുടരുന്നത്. പല ബദല്‍ സ്‌കൂളുകളും ഉള്‍വനത്തിലും മറ്റുമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ജീവന്‍ പണയം വെച്ചാണ് വനത്തിനുള്ളില്‍ അധ്യാപകര്‍ ബദല്‍ സ്‌കൂളുകളില്‍ എത്തുന്നത്. ഇടുക്കിയില്‍ ഒരു ബദല്‍ സ്‌കൂള്‍ അധ്യാപിക കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ബദല്‍ സ്‌കൂള്‍ അധ്യാപകരോട് ആശങ്ക വേണ്ടെന്ന് അറിയിക്കുമ്പോഴും ഇവരെ സ്ഥിരപ്പെടുത്തുന്നതിന് ഒരു ചെറുവിരല്‍ പോലുമനക്കുന്നില്ല. സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളോ എയ്ഡഡ് സ്‌കൂളുകളോ രണ്ടര കിലോമീറ്ററിനുള്ളില്‍ ഉണ്ടെങ്കില്‍ ആ കോളനിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബദല്‍ സ്‌കൂള്‍ അടച്ചുപൂട്ടുമെന്നാണ് പുതിയ തീരുമാനം. എന്നാല്‍ സ്‌കൂളില്‍ നിന്നും കിലോ മീറ്ററുകള്‍ ദൂരെയുള്ള കോളനികളിലെത്തി ബദല്‍ സ്‌കൂള്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരാനുള്ള ശ്രമം അധ്യാപകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നതും ബദല്‍ സ്‌കൂള്‍ അധ്യാപകരെയും ഹെല്‍പ്പര്‍മാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചില സ്‌കൂളിലെ പ്രധാനാധ്യാപകര്‍ ബദല്‍ സ്‌കൂളില്‍ നിന്നും കുട്ടികളുടെ ടിസിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ബദല്‍ സ്‌കൂള്‍ അധ്യാപകരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരമായി നിയമിക്കാന്‍ നടപടിയെടുക്കാതെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ചാക്കിട്ടുപിടിക്കാന്‍ ഒത്താശ ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങാനാണ് ബദല്‍ സ്‌കൂള്‍ അധ്യാപകരുടെ സംഘടനയുടെ തീരുമാനം. തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലും കലക്ട്രേറ്റിലുമുള്‍പ്പെടെ നിരവധി സമരങ്ങളാണ് ബദല്‍ സ്‌കൂള്‍ അധ്യാപകരുടെ സംഘടനയായ എഎസ്ടിഎ നടത്തിയത്.

Share this post: