ഫെബ്രുവരി 26, 2016
ന്യൂഡല്‍ഹി : ദേശീയ, അന്താരാഷ്ട്ര തലങ്ങളിലുള്ള കാലാവസ്ഥാ വ്യതിയാന സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാന വര്‍ഷമായിരുന്നു 2015 എന്ന് ശ്രീ അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2015-16 ലെ സാമ്പത്തിക സര്‍വേയില്‍ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ പാരീസില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തിലെ (യുഎന്‍എഫ്സിസിസി) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളിലും, കരാറുകളിലും ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചു. പാരീസ് കരാര്‍ സംബന്ധിച്ച കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിലും (സിഒപി-21) ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചു. അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് ആരംഭിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃസ്ഥാനം വഹിച്ചു. ലോകത്തെ സൗരോര്‍ജ്ജ സമൃദ്ധമായ 121 രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ഇതിലൂടെ സാധ്യമാകും.
യുഎന്‍എഫ്സിസിസി പ്രകാരമുള്ള ക്ലീന്‍ ഡെവലപ്മെന്റ് മെക്കാനിസത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 7685 പദ്ധതികളില്‍ 1593 പദ്ധതികള്‍ ഇന്ത്യയുടേതാണ്. എമിഷന്‍ തീവ്രത ജിഡിപിയുടെ 33-35 ശതമാനമാക്കി 2010 ഓടെ കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ദേശീയ കാലാവസ്ഥാ വ്യതിയാന കര്‍മ്മ പദ്ധതിയ്ക്കു പുറമേ, കാലാവസ്ഥാ വ്യതിയാന, ആരോഗ്യ ദൗത്യം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തീരദേശ വിഭവ വിനിയോഗത്തിനായുള്ള ദേശീയ തീരപ്രദേശ ദൗത്യം, വേസ്റ്റ് ടു എനര്‍ജി ദൗത്യം എന്നിവയാണ് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ആഭ്യന്തര പദ്ധതികള്‍.
2015-16, 16-17 വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനുള്ള ദേശീയ അഡാപ്റ്റേഷന് നിധിയ്ക്കായി 350 കോടി രൂപ മാറ്റിവച്ചിരുന്നു. ഇതിനു പുറമേ കല്‍ക്കരിയ്ക്ക് സെസ്സ് ഏര്‍പ്പെടുത്തുകയും ചെയ്തു. 2030 ഓടെ ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്നും 40 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലെ പുരോഗതികളെക്കുറിച്ചും സര്‍വ്വേ പ്രതിപാദിക്കുന്നു. 56 നഗരങ്ങളെ സോളാര്‍ നഗരങ്ങളാക്കുന്ന സോളാര്‍ സിറ്റി പദ്ധതിയാണ് മറ്റൊരു സുപ്രധാന പദ്ധതി. ദേശീയ ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജി നയത്തെക്കുറിച്ചും സര്‍വ്വേയില്‍ പറയുന്നു.