Top Stories
ഡിസിസി പ്രസിഡന്റ്‌ സ്ഥാനവും തെറിച്ചു; ഒറ്റപ്പെട്ട് ആര്യാടൻ ഷൗക്കത്ത്
April 12, 2021

12/O4/2021
മലപ്പുറം: സീറ്റിന് പകരം നൽകിയ ഡിസിസി പ്രസിഡൻ്റ് സ്ഥാനവും തിരിച്ചെടുത്തതോടെ കോൺഗ്രസിൽ ഒറ്റപ്പെട്ട് ആര്യാടൻ ഷൗക്കത്ത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച ഡിസിസി പ്രസിഡന്റുമാർ തിരികെ ചുമതലയേറ്റെടുക്കണമെന്ന‌ കെപിസിസി സർക്കുലറാണ്
ഷൗക്കത്തിനെ
വെട്ടിലാക്കുന്നത്. സ്ഥിരം പദവിയെന്ന ധാരണയിൽ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത ഷൗക്കത്തിന്‌ കെപിസിസി നിലപാട്‌ ഇരുട്ടടിയായി.

തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്‌ ഷൗക്കത്തും അനുകൂലികളും. വഞ്ചനാപരമായ നിലപാടാണ്‌ നേതൃത്വം സ്വീകരിച്ചതെന്നാണ്‌ ആക്ഷേപം. പ്രതിഷേധം കനത്തതോടെ തിങ്കളാഴ്‌ച ചേരാനിരുന്ന ജില്ലാ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ അവലോകന യോഗം മാറ്റി. നിലമ്പൂർ സീറ്റിനായി ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശും ഷൗക്കത്തും മാസങ്ങളോളം ചരടുവലിച്ചു. ഷൗക്കത്തിനായി ആര്യാടൻ മുഹമ്മദ്‌ അവസാന നിമിഷംവരെയും ഹൈക്കമാൻഡിൽ സമ്മർദംചെലുത്തി. പ്രകാശ്‌ രാജിഭീഷണിമുഴക്കി‌ സീറ്റ്‌ ഉറപ്പിച്ചതോടെ ഷൗക്കത്തും അനുകൂലികളും പ്രതിഷേധം കടുപ്പിച്ചു. പൊന്നാനിയും പട്ടാമ്പിയും തവനൂരുമടക്കമുള്ള ഓഫറുകൾക്കും അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ ഡിസിസി പ്രസിഡന്റ്‌ ചുമതല നൽകാമെന്ന ഡൽഹി ഫോർമുലയിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ചുമതലയെന്ന ധാരണയിലാണ്‌ ആര്യാടൻ ഷൗക്കത്ത്‌ സീറ്റ്‌ ആവശ്യത്തിൽനിന്ന്‌ പിൻവാങ്ങിയത്‌. എന്നാൽ, തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ദിവസങ്ങൾക്കകംതന്നെ പഴയ പ്രസിഡന്റിന്‌ ചുമതല തിരികെയേൽപ്പിക്കാൻ ആവശ്യപ്പെട്ട്‌ കെപിസിസി സർക്കുലർ ഇറക്കിയതോടെ അതും നഷ്‌ടമാകുമെന്ന അവസ്ഥയായി. ‘കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ, വയനാട്‌ ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റുമാർ തെരഞ്ഞെടുപ്പിൽ മത്സരിച്ച സാഹചര്യത്തിൽ മുതിർന്ന നേതാക്കൾക്ക്‌ ഡിസിസി പ്രസിഡന്റ്‌ ചുമതല ഏൽപ്പിച്ചിരുന്നു. ഈ താൽക്കാലിക ചുമതല ഏപ്രിൽ 12ന്‌ അവസാനിച്ചതായി കണക്കാക്കേണ്ടതാണ്‌’– എന്നാണ്‌- കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ സർക്കുലർ. തിങ്കളാഴ്‌ച തന്നെ പഴയ ഡിസിസി പ്രസിഡന്റുമാരോട്‌ ചുമതലയേറ്റെടുക്കാനും നിർദേശിക്കുന്നുണ്ട്‌. കെപിസിസി ഉത്തരവിനെതിരെ ശക്‌തമായ പ്രതിഷേധത്തിന്‌ ഒരുങ്ങുകയാണ്‌ ആര്യാടൻ ഷൗക്കത്ത്‌ അനുകൂലികൾ. സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ്‌  ഷൗക്കത്ത്‌. ആര്യാടൻ മുഹമ്മദും മകനുവേണ്ടി രംഗത്തെത്തിയേക്കും. കോൺഗ്രസ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഭാരവാഹികളും സംസ്ഥാന–-ജില്ല നേതാക്കളും പങ്കെടുക്കുന്ന അവലോകന യോഗമാണ്‌ തിങ്കളാഴ്‌ച ചേരേണ്ടിയിരുന്നത്‌.

Share this post: