Exclusive News
ജില്ലയില്‍ വയോക്ഷേമ കാള്‍ സെന്റര്‍ തുറന്നു

റിവേഴ്‌സ് ക്വാറന്റൈനിലുള്ള വയോജനങ്ങളുടെ ശാരീരിക മാനസിക പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള വയോക്ഷേമ കാള്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍  നിര്‍വഹിച്ചു. മുന്‍ ജില്ലാകലക്ടര്‍ കെ.പി ബാലകൃഷ്ണനെ ഫോണ്‍ ചെയ്ത് ക്ഷേമം അന്വേഷിണം നടത്തിയാണ് കാള്‍സെന്ററിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കാള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 20 പേരാണ് കാള്‍സെന്ററില്‍ സേവനത്തിന് ഉണ്ടാവുക. അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മറ്റു ജീവനക്കാര്‍ എന്നിവരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത.് അങ്കണവാടി ജീവനക്കാര്‍ ശേഖരിച്ച വിവരങ്ങളിലൂടെ കാള്‍ സെന്റര്‍ വയോജനങ്ങളുമായി ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ ആവശ്യമായവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍  ജില്ലാ കലക്ടര്‍, പഞ്ചായത്ത് ആരോഗ്യ -സാമൂഹ്യനീതി വകുപ്പുകള്‍ക്ക് കൈമാറും. സഹായം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കാള്‍ സെന്ററിലെ 0483 -2904050 നമ്പറില്‍ ബന്ധപ്പെടാം.

ജില്ലയില്‍ നാല് ലക്ഷം മുതിര്‍ന്ന പൗരന്മാരാണുള്ളത്. ഇവരുടെ സുരക്ഷയും ക്ഷേമവും കാള്‍ സെന്ററിലൂടെ ഉറപ്പുവരുത്തും. ടെലി മെഡിസിന്‍, കൗണ്‍സലിങ് സൗകര്യവും വീടുകളിലെത്തി പരിശോധിക്കുന്നതിന് വയോമിത്രം 12 മൊബൈല്‍ യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടി. എസ് തസ്‌നീം, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഫ്‌സല്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്‌സത്ത്, സാമൂഹ്യസുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.ടി നൗഫല്‍, വയോമിത്രം കോര്‍ഡിനേറ്റര്‍ സി. ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: