Exclusive News
മലപ്പുറത്തിനും ഇനി ചെയർമാൻ ബ്രോ

മലപ്പുറം : മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയെ മലപ്പുറം മുനിസിപ്പൽ ചെയർമാനായി പ്രഖ്യാപിച്ചതു വഴി മുസ്‌ലിം ലീഗും പുതിയകാല രാഷ്ട്രീയ പരിക്ഷണത്തിന് ലീഗിന്റെ ആസ്ഥാനമണ്ണിൽ തുടക്കം കുറിച്ചു. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും തികഞ്ഞ പ്രൊഫഷണലിസവുമുള്ളവരെ സമുന്നത പദവികളിൽ ചുമതലയേൽപ്പിക്കുക എന്ന പുതിയ രാഷ്ട്രീയ നീക്കമാണ് മലപ്പുറത്തും ലീഗ് നേതൃത്വം തുടക്കം കുറിച്ചത്. മഞ്ചേരി ടെക്‌നിക്കൽ ഹൈസ്‌കൂൾ, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെ പ്രമുഖ എഞ്ചിനിയറിംഗ് കോളേജായ കൊല്ലം ടി കെ എം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് എം ബി എ പൂർത്തിയാക്കിയ മുജീബ് കാടേരി വിദ്യാർത്ഥി രാഷ്ട്രീയം മുതൽ 20 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുള്ള യുവനേതാവാണ്. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ നിർമ്മാണ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചുവരുന്ന മുജീബ് മുസ്്‌ലീം ലീഗ് യുവ നേതാക്കൾക്കിടയിൽ വേറിട്ട പ്രതിഭയായും മുതിർന്ന നേതാക്കൾക്കെല്ലാവർക്കും ഒരുപോലെ സ്വീകാര്യനുമായ നേതാവായാണ് അറിയപ്പെടുന്നത്. 2000- 01 കാലഘട്ടത്തിൽ മലപ്പുറം ഗവ. കോളേജ് യൂണിയൻ ചെയർമാനായിട്ടാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. പാരമ്പര്യമായി തന്നെ ഉന്നത രാഷ്ട്രീയ കുടുംബത്തിലാണ് മുജീബിന്റെ ജനനം. പിതാവ് കാടേരി അബ്ദുൽ അസീസ് ഇതേ നഗരസഭയിൽ ദീർഘകാലം കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു. മാതാവ് പരേതയായ ഇ ടി സഫിയ മുതിർന്ന മുസ്‌ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം പി യുടെ സഹോദരിയാണ്.

മുസ്‌ലീം യൂത്ത് ലീഗ് മലപ്പുറം ജോ . സെക്രട്ടറി, ജന.സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ച മുജീബ് നിലവിൽ മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. മികച്ച പ്രഭാഷകനായ മുജീബ് പൊതു സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ പഠിച്ച് സമഗ്രമായി അവതരിപ്പിക്കുന്ന പ്രൊഫഷണൽ സമീപനമുള്ള നേതാവായാണ് അറിയപ്പെടുന്നത്. പൊതുതെരഞ്ഞെടുപ്പുകളിൽ മുസ്‌ലീം ലീഗിന്റെ തന്ത്രങ്ങൾ മെനയുന്ന ഇലക്ഷൻ സ്റ്റാറ്റജിസ്റ്റായിട്ടാണ് നേതൃത്വം മുജീബിനെ പരിഗണിച്ചുവരുന്നത്. മുസ്‌ലീം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ അഹമ്മദിന്റെ അവസാനം നടന്ന രണ്ട് പാർലിമെന്റ് തെരഞ്ഞെടുപ്പുകളുടെയും ക്യാമ്പയിൻ കോ. ഓർഡിനേറ്റർ ആയിരുന്നു മുജീബ്. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ലോകസഭ ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പിന്റെയും ക്യാമ്പയിൻ കോ. ഓർഡിനേറ്റർ ആയും പ്രവർത്തിച്ചു. അവസാനം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ ഇ ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ചുമതലയും പാർട്ടി വിശ്വസിച്ച് ഏൽപ്പിച്ചത് അദ്ദേഹത്തിന്റെ പ്രൊഫഷണൽ സമീപനത്തിനോടുള്ള പാർട്ടിയുടെ താൽപ്പര്യത്തിന്റെ പ്രതീകമാണ്.
കറകളഞ്ഞ ആദർശവാദിയും, പ്രൊഫഷണൽ സംഘാടകനായും, പ്രതിഭയുടെ പ്രഭാഷകനായും അറിയപ്പെടുന്ന മുജീബ് നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് മുനിസിപ്പൽ കൗൺസിലേക്ക് മത്സരിക്കുന്നതും മുനിസിപ്പൽ ചെയർമാനായി ആയി പാർട്ടി പ്രഖ്യാപിക്കുന്നതിലേക്കും നേതൃത്വത്തെ എത്തിച്ചത്.

Share this post: