Exclusive News
കോവിഡ്: യുവാക്കളും കൂടുതൽ ശ്രദ്ധിക്കണം

ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗ വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രായമായവരും, ചെറിയ കുട്ടികളും, ഗര്‍ഭിണികളും, ഇതര രോഗങ്ങളുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ യുവാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. യുവാക്കളില്‍ തിരിച്ചറിയാത്ത പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, മറ്റ് അസുഖങ്ങള്‍ കോവിഡ് രോഗം ബാധിക്കുമ്പോള്‍ മാത്രം അറിയുകയും കൂടുതല്‍ ശാരീരികമായ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായതിനാല്‍ യുവാക്കളുടെ എണ്ണവും ആനുപാതികമായി മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. ജില്ലയില്‍ കോവിഡ് ബാധിച്ചവരില്‍ മൂന്ന് ശതമാനം 20 മുതല്‍ 40 വയസ്സ് വരെയുള്ള യുവാക്കളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് രോഗം വന്ന് പൂര്‍ണ്ണമായി അസുഖം ഭേദമായവരില്‍ പോലും അപൂര്‍വമായെങ്കിലും ശരീരത്തിന്റെ ചില പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റ് പല അസുഖങ്ങളും വരുന്നതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ലാത്തതിനാല്‍ യുവാക്കളില്‍ കൊറോണ വൈറസ് പ്രത്യാഘാതങ്ങള്‍  ഉണ്ടാക്കുകയില്ല എന്നത് മിഥ്യാധാരണ മാത്രമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
യുവാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· ഓഫീസുകളില്‍ ജോലിക്ക് പോകുന്നവര്‍ സാധാരണ സ്പര്‍ശിക്കുന്ന മേശ, കസേര എന്നിവയുടെ പ്രതലങ്ങളും ഉപയോഗിക്കുന്ന ടെലഫോണ്‍, കീബോര്‍ഡുകള്‍ എന്നീ വസ്തുക്കളും പതിവായി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
· ഭക്ഷണം കഴിക്കുമ്പോഴും ജോലി സമയത്തും ഇടവേളകളിലും മീറ്റിങ് സമയങ്ങളിലും എല്ലാം സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും      ഇടക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യണം.
· ജോലി സംബന്ധമായോ മറ്റ് ആവശ്യങ്ങള്‍ക്കോ യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇടക്കിടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും ശരിയായ രീതിയില്‍ തന്നെ മാസ്‌ക് ധരിക്കുകയും കൃത്യമായ ശാരീരിക അകലം പാലിക്കുകയും ചെയ്യണം.
· വാഹനങ്ങളില്‍ അലക്ഷ്യമായി സ്പര്‍ശിക്കാതെ ഇരിക്കുകയും ആവശ്യമായ ഭക്ഷണവും വെള്ളവും കൈയില്‍ കരുതുകയും ചെയ്യണം.
· രോഗ്യവകുപ്പ് ക്വാറന്റൈന്‍ നിര്‍ദേശിക്കുന്ന ജീവനക്കാര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ഡോക്ടറെയോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയോ വിവരം അറിയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.
· പുറത്ത് പോയി വരുന്നവര്‍ കൈകള്‍ ശരിയാംവിധം ശുചീകരിക്കുകയും    കുളിക്കുകയും കടയില്‍ നിന്ന് വാങ്ങിക്കുന്ന സാധനങ്ങളും മറ്റ് വസ്തുക്കളും ഒരു ശതമാനം ബ്ലീച്ചിങ് സൊലൂഷന്‍ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 6 ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കി അതിന്റെ തെളിനീര്‍) ഉപയോഗിച്ചോ സോപ്പ് വെള്ളം ഉപയോഗിച്ചോ കൃത്യമായി അണുനശീകരണം നടത്തുകയും ചെയ്യണം.
· വീട്ടിലെ പ്രായമായവര്‍, മറ്റ് അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ശാരീരിക അകലം പാലിക്കുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ഭക്ഷണക്രമീകരണം പാലിക്കുകയും ചെയ്യണം.

Share this post: