Top Stories
ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ മാത്രം മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
March 18, 2021

മലപ്പുറം : കോവിഡ് പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്- ലോക്സഭ ഉപതെരഞ്ഞെടുപ്പ്് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും പാലിക്കേണ്ട മാർഗനിർദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളിൽ ഗൃഹസന്ദർശനത്തിന് സ്ഥാനാർഥിയടക്കം അഞ്ചു പേർ മാത്രമേ പാടുള്ളു. വീടുകൾക്കകത്തേക്ക് പ്രവേശിക്കാനും പാടില്ല. മാസ്‌ക്, ശാരീരിക അകലം എന്നിവ കർശനമായി പാലിക്കണം. മാസ്‌ക് മുഖത്ത് നിന്ന് താഴ്ത്തി ആരെയും അഭിമുഖീകരിക്കരുത്. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്താൻ പാടില്ലാത്തതും സാനിറ്റൈസർ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കേണ്ടതുമാണ്.

ക്വാറന്റൈനിലുള്ള വീടുകളിലും കോവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗബാധിതർ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ജനങ്ങളുമായി ഇടപഴകുമ്പോൾ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. മാസ്‌ക്, കൈയ്യുറകൾ എന്നിവ കോവിഡ് മാനദണ്ഡപ്രകാരം സംസ്‌ക്കരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. യോഗങ്ങൾ നടത്തുന്ന ഹാളുകളിലും മുറിയുടെ കവാടത്തിലും സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാൾ കണ്ടെത്തുകയും എ.സി. പ്രവർത്തിപ്പിക്കാതിരിക്കുകയും ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള സൗകര്യം, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങളിൽ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം. പനി, ചുമ, ജലദോഷം എന്നിവയുള്ളവർ പ്രചാരണത്തിന് പോകരുത്. ജാഥകളും പൊതുയോഗങ്ങളും കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രം നടത്തണം. പൊതുയോഗത്തിനുള്ള മൈതാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങൾ ഒരുക്കണം. മൈതാനങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളമിടണം. പൊതുയോഗങ്ങളിൽ തെർമൽ സ്‌കാനിങ് നടത്തുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണം.

 

Share this post: