Top Stories
ലീഗ് സ്ഥാനാർഥികളെ ഇന്നറിയാം
March 12, 2021

മലപ്പുറം:കാത്തിരിപ്പിനൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‍ലിംലീഗിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ജില്ലയിലെ അഞ്ച് സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും.‌‌ ഏറനാട്ട് പി.കെ.ബഷീറും കൊണ്ടോട്ടിയിൽ ടി.വി.ഇബ്രാഹിമും കോട്ടയ്ക്കലിൽ ആബിദ് ഹുസൈൻ തങ്ങളും വള്ളിക്കുന്നിൽ പി.അബ്ദുൽ ഹമീദും മഞ്ഞളാംകുഴി അലിയും വീണ്ടും മത്സരരംഗത്തുണ്ടാകും അലി പെരിന്തൽമണ്ണയിൽനിന്ന് മങ്കടയിലേക്കു മാറാനാണ് സാധ്യത.

താനൂരിൽ വി.അബ്ദുറഹ്മാനെ നേരിടാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എത്തിയേക്കും.വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കാനെത്തുമ്പോൾ നിലവിലെ എംഎൽഎ കെ.എൻ.എ.ഖാദറിനെ ഗുരുവായൂർ സീറ്റിലേക്കു പരിഗണിക്കുന്നുണ്ട്. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫിന് മലപ്പുറം, മഞ്ചേരി സീറ്റുകളിലൊന്നു ലഭിക്കും. മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ തിരൂരിലേക്കെത്തുമെന്നു വാർത്തകളുണ്ടെങ്കിലും മണ്ണാർക്കാട് തന്നെ തുടരാൻ പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ട്.

കഴിഞ്ഞ തവണ ജില്ലയിൽ 12 സീറ്റുകളിൽ മത്സരിച്ച ലീഗ് 11 സീറ്റിലും വിജയിച്ചിരുന്നു. 2016ൽ നഷ്ടപ്പെട്ട താനൂർ പിടിച്ചെടുക്കാനാണ് ഇത്തവണ പി.കെ.ഫിറോസിനെ രംഗത്തിറക്കുന്നത്.

Share this post: