Top Stories
മലപ്പുറം നഗരസഭയിൽ 10 ദിവസം കൊണ്ട് 1253 കോവിഡ് രോഗികൾ
April 27, 2021

27/04/2021
മലപ്പുറം: കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരസഭയിൽ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് മാത്രം പോസിറ്റീവായവരുടെ എണ്ണം 1253 ആയി. ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ദനവ് നഗരത്തിലെ വൈറസ് വ്യാപനത്തെയാണ് കാണിക്കുന്നത്. ഇന്ന് മാത്രം 202 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം
വീണ്ടും 3000 കടന്നു. 3,251 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,145 ആയി.

ഇന്ന് രോഗബാധിതരായവരില്‍ 3,097 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 143 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 660 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്

42,646 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 542 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 263 പേരും 207 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം 704 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,509 ആയി.

Share this post: