Top Stories
മലയാള സർവകലാശാലാ നിയമന അട്ടിമറി; കാംപസ് ഫ്രണ്ട് പ്രവർത്തകർ സർവകലാശാല ഉപരോധിച്ചു
June 10, 2021

തിരൂർ: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നിയമന അട്ടിമറികളിലൂടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമത്തെ ചെറുക്കുക, അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവർത്തകർ മലയാളം സർവകലാശാല ഉപരോധം  സംഘടിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയംഗം ഫവാസ് ഒഴൂർ ഉപരോധം ഉൽഘാടനം ചെയ്തു. അധ്യാപക ഇൻ്റർവ്യൂയിൽ പങ്കെടുത്തവരിൽ നിന്ന് ഉയർന്ന യോഗ്യതകൾ ഉള്ളവരെ മാറ്റിനിർത്തുകയും സർവകലാശാലാ വി.സിക്കും ഇന്റർവ്യൂ ബോഡ് അംഗത്തിനും താൽപര്യമുള്ള വ്യക്തികളെ അനധികൃതമായി നിയമിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും അത്തരം നിമയനങ്ങൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ഈ വർഷം വിവിധ പഠന വകുപ്പുകളിലേക്ക്  നടത്തിയ നിയമനങ്ങളിലാണ് ഇഷ്ടക്കാരെ നിയമിക്കാൻ നീക്കം നടന്നിരിക്കുന്നത്. നിയമനത്തിന് ഇൻ്റർവ്യൂയിൽ പങ്കെടുത്ത യോഗ്യരായ മറ്റു ഉദ്യോഗാർത്ഥികൾ ഉണ്ടെന്നിരിക്കെയാണ് വിഷയവുമായി ബന്ധമില്ലാത്ത വ്യക്തികളെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല, നിയമനങ്ങളുമായി ബന്ധപ്പെട്ട് സംവരണ അട്ടിമറിയും നടന്നതായി വ്യക്തമാവുന്നുണ്ട്. യുജിസി മാർഗനിർദ്ദേശം പാലിക്കപ്പെടാതെയാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലും സംവരണ ക്രമ പട്ടികയിലും തിയതി നൽകിയിട്ടുമില്ല. ഈ അസാധാരണ നടപടികൾ സംശയാസ്പദവും സംവരണ അട്ടിമറിയെന്ന ഉദ്യോഗാർത്ഥികളുടെ വാദം ബലപ്പെടുത്തുന്നതുമാണ്. നിലവിൽ ഉയർന്ന് വന്നിട്ടുള്ള ആരോപണങ്ങൾ സർവകലാശാലയുടെ  നിയമനങ്ങളിലെ സുതാര്യതയെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതും വിശ്വാസ്യതയെ തകർക്കുന്നതുമാണ്. മലയാളം സർവകലാശാലയിൽ അടുത്തിടെ നടന്നിട്ടുള്ള മുഴുവൻ നിയമന അട്ടിമറികളെക്കുറിച്ചും സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ട് പോവുമെന്നും ഫവാസ് കൂട്ടിച്ചേർത്തു. ഉപരോധസമരത്തിന് സമീഹ്, റഹീം എന്നിവർ നേതൃത്വം നൽകി.

Share this post: