Exclusive News
മഞ്ചേരിയിൽരണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറന്നു

മഞ്ചേരി നോബിൾ സ്‌കൂൾ, കോളേജ് കാമ്പസിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജമാക്കുന്നു
മഞ്ചേരി: മഞ്ചേരിയിലെ രണ്ടാമത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം മഞ്ചേരി നോബിൾ സ്‌കൂൾ ആൻഡ് കോളജ് കാമ്പസിൽ തുടങ്ങി.

1000 കിടക്കൾ ഒരുക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ആദ്യഘട്ടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ശുചിത്വമിഷൻ, ആരോഗ്യവകുപ്പ്, കുടുംബശ്രീ, മഞ്ചേരി നഗരസഭ, മെഡിക്കൽകോളേജ് എന്നിവയുടെ സഹകരണത്തിലാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നത്. ജില്ലയുടെ എല്ലാഭാഗത്തുനിന്നും പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രമായ മഞ്ചേരി മെഡിക്കൽകോളേജിലേക്കാണ് രോഗികളെ അയക്കുന്നത്. എന്നാൽ 500 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഇതിലേറെ രോഗികളാണ് ഇപ്പോഴുള്ളത്.

നഗരസഭയുടെ മേൽനോട്ടത്തിലുള്ള മുട്ടിപ്പാലം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 70 പേരും ചികിത്സയിലുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചതോടെയാണ് പുതിയ ചികിത്സാകേന്ദ്രം തുടങ്ങിയത്.

നോബിൾ സ്‌കൂൾ മാനേജ്‌മെന്റും സഹകരണം വാഗ്‌ദാനംചെയ്തു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, ആശുപത്രി ആർ.എം.ഒ ഡോ. സഹീർ നെല്ലിപ്പറമ്പൻ, ഡോ. ഷിനാസ്ബാബു, ശുഭറാം, ജസ്‌വിൻ, ആയിഷ, ജിജോ ജോർജ്, ഷഫീഖ്, അനൂപ് തുടങ്ങിയവർ ചികിത്സാകേന്ദ്രം സന്ദർശിച്ചു

Share this post: