Top Stories
എം.സി.എം.സി സെല്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ സന്ദര്‍ശിച്ചു
March 25, 2021

നിയമസഭ/മലപ്പുറം ലോകസഭ  ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട്  സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കുന്നതിനായി സജ്ജമാക്കിയ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തെരഞ്ഞെടുപ്പ്  ചെലവ് നിരീക്ഷകന്‍ സുധേന്ദുദാസ് ഐ.ആര്‍.എസ് സന്ദര്‍ശിച്ചു. എം.സി എം.സി സെല്ലിലെ പ്രവര്‍ത്തനങ്ങള്‍  അദ്ദേഹം വിലയിരുത്തി. മീഡിയ മോണിറ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയിലാണ് എം.സി എം.സി യില്‍  നടക്കുന്നതെന്നും  സുധേന്ദുദാസ് ഐ.ആര്‍.എസ് പറഞ്ഞു.   സിവില്‍ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഓഫീസിലാണ് എം.സി എം.സി സെല്‍ പ്രവര്‍ത്തിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് എം.സി എം.സി കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ,  സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, വോയ്‌സ് മെസേജുകള്‍, എസ്.എം.എസുകള്‍, ദിനപത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചു തയാറാക്കുന്ന പരസ്യങ്ങള്‍ക്കു മാത്രമാണ് അംഗീകാരം നല്‍കുന്നത്.

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും  പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍  അപേക്ഷ എം.സി.എം.സിക്ക് നല്‍കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സി.ഡിയിലോ ഡി.വി.ഡിയിലോ ആക്കി രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

അച്ചടിമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും.

Share this post: