Exclusive News
ജയില്‍ നിറക്കല്‍ സമരം നടത്തിയ ഇടതുപക്ഷം ജയിലുകള്‍ തുറക്കാന്‍ സമരം നടത്തേണ്ട ഗതികേടില്‍ – മുജീബ് കാടേരി

മലപ്പുറം: സാമൂഹ്യ തിന്മകള്‍ക്കെതിരെ  പോരാട്ടങ്ങളുടെ ഭാഗമായി ജയില്‍ നിറക്കല്‍ സമരം നടത്തിയിരുന്ന ഇടതുപക്ഷം ഇപ്പോള്‍ നിരന്തരം കേസുകളില്‍ ഉള്‍പ്പെട്ട പാര്‍ട്ടി നേതാക്കള്‍ക്കും മക്കള്‍ക്കും ആശ്രിതവത്സര്‍ക്കും ജയിലുകള്‍ തികയാതെ വരുന്നതിന്റെ ഭാഗമായി പുതിയ ജയിലുകള്‍ തുറക്കാന്‍ സമരം നടത്തേണ്ട ഗതികേടിലാണ് എത്തിപ്പെട്ടതെന്ന് മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് മുസ്‌ലീം യൂത്ത് ലീഗ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദത്വം  ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതീകാത്മക ജയിലിലടക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇടതുപക്ഷം അധികാരം ഏറ്റെടുത്തതു മുതല്‍ രാജ്യത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളുടെ പ്രധാന ഉദ്യോഗസ്ഥന്മാര്‍ക്കും സംസ്ഥാനം വിട്ടു പോകാനാവാത്ത വിധം കേരളത്തില്‍ അന്വേഷണങ്ങള്‍ക്കായി കേന്ദ്രീകരിക്കേണ്ടി വന്നത് അപമാനകരമാണ്. പ്രതികളായി സ്വന്തക്കാര്‍ നിരന്തരം ജയിലിലാകുമ്പോള്‍ ഗതികേട് കൊണ്ട് തള്ളിപ്പറഞ്ഞാല്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.  അധോലോക നായകന്മാര്‍ ഉള്‍പ്പെട്ടിരുന്ന കേസുകളില്‍  ഉന്നത രാഷ്ട്രീയ നേതാക്കന്മാരുടെ മക്കളും ബന്ധുക്കളും എത്തിപ്പെടുന്നത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ്. മുഖ്യമന്ത്രി രാജിവെക്കും വരെ നിരന്തര സമരങ്ങള്‍ക്ക്  കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സി പി സാദിഖലി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് ആറ്റപ്പുറത്ത്, മുനിസിപ്പല്‍ മുസ്്‌ലീം യൂത്ത് ലീഗ് ജന. സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, ട്രഷറര്‍ റഷീദ് കാളമ്പാടി, ഭാരവാഹികളായ സുഹൈല്‍ സാദ്  പറമ്പന്‍,സദാദ് കാമ്പ്ര, വാളന്‍ റസാഖ്, വി ടി മുനീര്‍, സാലി മാടമ്പി, സമീര്‍ കൂട്ടീരി, മുസ്തഫ ഉലുവാന്‍ നേതൃത്വം നല്‍കി.

Share this post: